ഡല്‍ഹി കലാപം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗ്ഗീയ കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചികിത്സയില്‍ ഉള്ളവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് കലാപബാധിതര്‍ക്കുള്ള കെജ്‌രിവാളിന്റെ ആശ്വാസനടപടികള്‍.

പരിക്കേറ്റവരുടെ സ്വകാര്യ ആശുപത്രിയിലെ ബില്ല് സര്‍ക്കാര്‍ അടക്കും. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. രാത്രിയില്‍ നാല് മജിസ്‌ട്രേറ്റുകള്‍ പ്രവര്‍ത്തിക്കും. വീട് നഷ്ടപെട്ടവര്‍ക്ക് 4 ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവര്‍ക്ക് അവരുടെ മുഴുവന്‍ രേഖകളും പുതുതായി നല്‍കും. വീട്, വാഹനം, കടകള്‍ നശിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നഷ്ടം നികത്തും. കുട്ടികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ നല്‍കും. എല്ലാ മൊഹല്ലകളിലും സമാധാന കമ്മിറ്റികള്‍ സംഘടിപ്പിക്കും. കലാപത്തില്‍ അനാഥരായവര്‍ക്ക് 3 ലക്ഷം നല്‍കുമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേസില്‍ വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഡല്‍ഹി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഇന്നലെ കേസെടുക്കാന്‍ ആവശ്യപ്പെട്ട ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിരുന്നു.

കോടതിക്ക് മുന്‍പാകെ എത്തിയ ദൃശ്യങ്ങള്‍ ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്ത് പരാതിക്കാരന്റെ അഭിഭാഷകന്‍ രംഗത്തെത്തി. കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വെടിവയ്ക്കണം എന്ന ആവശ്യവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്ന് അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു കോടതി. കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കില്ല. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

SHARE