ഡല്‍ഹി കലാപത്തിനിടെ സംഘപരിവാര്‍ ബി.ജെ.പിയിലെ മുസ്‌ലിം നേതാവിനെ കാറിലിട്ട് കത്തിച്ചുകൊന്നതായി ബന്ധുക്കള്‍

ഡല്‍ഹി കലാപത്തില്‍ സംഘപരിവാര്‍ ബി.ജെ.പിയിലെ മുസ്‌ലിം നേതാവിനെ കാറിലിട്ട് കത്തിച്ചുകൊന്നതായി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ നിവാസിയായ മുഹസിന്‍ അലിയെ കത്തിച്ചു കൊന്നതായാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്.നോയിഡ സെക്ടര്‍ 5 ലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഫെബ്രുവരി 25 ന് ഡല്‍ഹിയിലെ സോണിയ വിഹാര്‍ ഗ്രീന്‍ ഗാര്‍ഡനിലേക്ക് പോവുന്നതിനിടെയാണ് ഇയാള്‍ അക്രമത്തിന് ഇരയാകുന്നത്.

സോണിയ വിഹാര്‍ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഇയാളുടെ കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മുഹസിനെ എവിടെയും കണ്ടെത്താനായില്ല. പ്രദേശത്തെ എല്ലാ ആശുപത്രികളിലും മോര്‍ച്ചറികളിലും മുഹസിന് വേണ്ടി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഫെബ്രുവരി 26 ന് ജി.ടി.ബി ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയിലേക്ക് പോലീസ് കുടുബത്തോട് വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ മുഹസിന്റെ പിതാവ് ഒരു മൃതദേഹം സമാനമായ ശരീര സവിശേഷതകള്‍ കാരണം മകന്റെതാണെന്ന് തിരിച്ചറിഞ്ഞു.എന്നാല്‍ ശരീര സവിശേഷതകള്‍ മാത്രം നോക്കി പൂര്‍ണമായും മുഹസിന്റെ മൃതദേഹമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഡി.എന്‍.എ പരിശോധനക്ക് ശേഷം മാത്രമേ മുഹസിന്റെ മൃതദേഹമാണെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കുകയുള്ളൂയെന്ന് പൊലീസ് പറയുന്നു. ഹാപൂര്‍ ജില്ലയിലെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ പ്രവര്‍ത്തകനാണ് മുഹസിന്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകനായിട്ടും ഇതുവരെ യു.പിയിലെയോ ഡല്‍ഹിയിലെയോ ബി.ജെ.പി നേതാക്കള്‍ യാതൊരു വിധേനയും ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബി.ജെ.പിയില്‍ മുസ്‌ലിം പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന അവഗണനയുടെ തെളിവാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

SHARE