‘മധുവിധു തീരുംമുമ്പേ അഷ്ഫാക്കിന്റെ ജീവനെടുത്ത് കലാപകാരികള്‍; തീവ്രവാദിയാണെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞു’; ആസ്പത്രിക്കുമുന്നില്‍ വിതുമ്പി ഭാര്യ ഹഫ്‌സ

ന്യൂഡല്‍ഹി: തന്റെ പ്രിയ ഭര്‍ത്താവ് അഷ്ഫാക്ക് കൊല്ലപ്പെട്ടുവെന്ന് ഹഫ്‌സക്ക് ഇതുവരേയും വിശ്വസിക്കാനായിട്ടില്ല. ഒരു മാസം മാത്രമേ ആയിട്ടുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്നിപ്പോള്‍ ഡല്‍ഹി ജിടിബി ആസ്പത്രിക്കുമുന്നില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാത്തുനില്‍ക്കുകയാണ് ഹഫ്‌സ.

തിങ്കളാഴ്ച്ചയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാഫാദില്‍ നടന്ന ആക്രമണത്തില്‍ അഷ്ഫാക്ക് കൊല്ലപ്പെടുന്നത്. വെടിയേറ്റതാണ് മരണകാരണം. എന്നാല്‍ തിങ്കളാഴ്ച്ച കൊല്ലപ്പെട്ടിട്ടും അഷ്ഫാക്കിന്റെ മൃതദേഹം ഇതുവരേയും കുടുംബത്തിന് വിട്ടുകിട്ടിയിട്ടില്ല. അഷ്ഫാക്ക് തീവ്രവാദിയാണെന്ന് ആരോപിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ഉദ്യോഗസ്ഥര്‍ ഒപ്പിട്ടുനല്‍കിയില്ലെന്ന് അഷ്ഫാക്കിന്റെ ഭാര്യ ഹഫ്‌സ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഇത്തരം നീചമായ നടപടിയാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

തന്റെ സഹപ്രവര്‍ത്തകന്റെ മൃതശരീരവും കാത്ത് ആസ്പത്രിക്കുമുന്നില്‍ കാത്തുനില്‍ക്കുകയാണ് കലാപത്തില്‍ പരിക്കേറ്റ ഷെരീഫ് അഹമ്മദ്. ജോലി കഴിഞ്ഞ തിരിച്ചു പോകുമ്പോഴായിരുന്നു ഇരുപതുകാരനെതിരെ ആക്രമണമുണ്ടായത്. സഹോദരന്‍ ദുബായിലേക്ക് പോവുകയാണെന്നും കുറച്ച് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ജോലി സ്ഥലത്തുനിന്നും പോയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് തന്നെ വിളിക്കുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍ വളഞ്ഞുവെന്നായിരുന്നു വിളിച്ച് പറഞ്ഞത്. സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ ചോരയില്‍ മുങ്ങിക്കുളിച്ച് കിടക്കുന്ന അവനെയാണ് കണ്ടത്. ഉടനെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രപിറ്റേ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഷെരീഫ് അഹമ്മദ് പറഞ്ഞു.

39 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. 200-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ മറ്റു ആസ്പത്രികളിലും ഗുരുതരമായി പരിക്കേറ്റവരുണ്ടെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. വെടിയേറ്റിട്ടാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടിരിക്കുന്നത്. നെഞ്ചിലും വയറിലും തലയിലുമാണ് കൂടുതല്‍ പരിക്കുകളും സംഭവിച്ചിട്ടുള്ളത്. ഇത് പരിശീലനം ലഭിച്ചവര്‍ നടത്തിയിട്ടുള്ള കൊലപാതകങ്ങളാണെന്ന് ഡോ ഹാരിസ് പറഞ്ഞു.

SHARE