ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ മജ്പൂരിലും യുപിയിലെ അലിഗഢിലും സംഘര്‍ഷം. സിഎഎയെ അനുകൂലിക്കുന്നവരും എതിര്‍ത്ത് സമരം ചെയ്യുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ച ജഫ്രാബാദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രാദേശിക ബിജെപി നേതാവ് റാലി നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.
പ്രതിഷേധക്കാര്‍ തമ്മില്‍ റോഡിന് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് കല്ലെറ് നടന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് നോക്കി നില്‍ക്കെ സമരക്കാര്‍ക്കു നേരെ സിഎഎ അനുകൂലികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായാണ് വിവരം.
സംഘര്‍ഷത്തെത്തുടര്‍ന്ന് മജ്പൂര്‍, ബാര്‍ബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. രാജ്യതലസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷമാണ് പൗരത്വ നിയമ ഭേദഗതിയില്‍ സംഘര്‍ഷമുണ്ടാകുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെ സമരം തുടങ്ങി. ദേശീയ പതാകകളേന്തി ആസാദി മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ സമരം തുടങ്ങിയത്. കൂടുതല്‍ സ്ത്രീകളും കുട്ടികളും വൈകാതെ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇതോടെ പ്രതിഷേധം ആരംഭിച്ച ജഫ്രാബാദിലേക്ക് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രാദേശിക ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ റാലി നടത്തുകയായിരുന്നു. ഇതാണിപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.