ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ നാളെ പുലര്‍ച്ചെയെത്തും; കേരളത്തിലെത്തുന്നത് 602 പേര്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും. ട്രെയിനില്‍ 602 പേരാണ് നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തുക. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 5.25 ന് ട്രെയിന്‍ എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ഇറങ്ങുന്ന യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം ഇങ്ങനെയാണ്.

തിരുവനന്തപുരം – 150, കൊല്ലം 84, പത്തനംതിട്ട 89, ആലപ്പുഴ 37, കോട്ടയം 34, തമിഴ്‌നാട് 61, പോകേണ്ട സ്ഥലം അറിയിക്കാത്തവര്‍ 147 എന്നിങ്ങനെയാണ്. അതേസമയം, മറ്റ് ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് 25 കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അഞ്ച് ബസുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കളക്ടര്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തുന്നതിനും തുടര്‍ നടപടികള്‍ക്കുമുള്ള സജജീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്‌റ്റോപ് ഉള്ളത്. എസി കോച്ചില്‍ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത് കൂടി കണക്കിലെടുത്ത് സ്‌റ്റേഷനില്‍ കര്‍ശന പരിശോധനയുണ്ടാകും. സ്‌റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകും.

പാര്‍ക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി െ്രെഡവര്‍ മാത്രമേ എത്താവൂ. ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. വീടുകളിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തമിഴ്‌നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്‌നാടില്‍ നിന്നും ബസുകള്‍ അയക്കും.

SHARE