ഡല്‍ഹി വോട്ടെടുപ്പ് അവസാനിച്ചു; നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യംഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു പോളിങ്. സി.എ.എ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ 54.78 ശതമാനം പോളിങ് രേഖപ്പെടുത്തി. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. രാവിലെ പോളിങ് സ്‌റ്റേഷനുകളില്‍ തിരക്കനുഭവപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷം വോട്ടര്‍മാരുടെ എണ്ണം കുത്തനെ ഇടിയുകയായിരുന്നു.

70 സീറ്റുകളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.47 കോടിയോളം വോട്ടര്‍മാരാണ് 70 നിയമസഭാ സീറ്റുകളിലായി വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വിഐപി വോട്ടർമാരുടെ നീണ്ട നിരയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കോജ്രിവാൾ വരെ നീളുന്നതാണ് പ്രമുഖരുടെ നിര.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് എന്നിവർ നിർമാൺ ഭവനിലും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഔറംഗസേബ് ലൈനിലും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോദി എസ്റ്റേറ്റിലും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കോൺഗ്രസ് 66 സീറ്റിലും യുപിഎ ഘടകകക്ഷിയായ ആർജെഡി നാല് സീറ്റിലും മത്സര രംഗത്തുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണമികവ് അധികാരം നിലനിർത്താനുള്ള അവസരം വീണ്ടും നൽകുമെന്ന പ്രതീക്ഷയിലാണ്  ആം ആദ്‌മി. 70 സീറ്റുകളിലേക്കും ആം ആദ്‌മി മൽസരിക്കുന്നുണ്ട്. ബിജെപി 67 സീറ്റുകളിൽ മാത്രമാണ് മൽസരിക്കുക. സഖ്യക്ഷിയായ ജെഡിയു രണ്ട് സീറ്റുകളിലും എൽജെപി ഒരു സീറ്റിലും മൽസരിക്കുന്നുണ്ട്. കേന്ദ്രഭരണത്തിൻ്റെ സ്വാധീനവും, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയവും നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം പൗരത്വനിയമ ഭേദഗതി വിഷയങ്ങളില്‍ പക്വമായ രാഷ്ട്രീയ ഇടപെടുകള്‍ നടത്തുകയും രാഷ്ട്ര സേവനത്തിന്റെ മാന്യമായ രീതി രാജ്യത്തെ ഒര്‍മ്മപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് തലസ്ഥാനം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ്‌.