ഡല്‍ഹിയില്‍ നടന്നത് മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമം; തിരിച്ചറിയാന്‍ വീടുകളില്‍ കാവിക്കൊടി കെട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ കലാപം. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തുനിന്നുള്ള അക്രമികള്‍ക്ക് ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടിയിരുന്നു. ഇതൊഴിവാക്കി മുസ്‌ലിം വീടുകള്‍ മാത്രം തിരഞ്ഞെടുത്താണ് അക്രമം നടത്തിയത്. ഒരിടത്ത് അക്രമം നടത്തി പിരിഞ്ഞുപോയവര്‍ തന്നെയാണ് മറ്റിടങ്ങളിലും അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അക്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പടര്‍ന്നുപിടിച്ചതും ആയുധങ്ങള്‍ എത്തിച്ചതും കലാപം ആസൂത്രിതമാണെന്ന് തെളിയിക്കുന്നത്. ട്രാക്ടറുകളില്‍ കല്ലുകള്‍ കൊണ്ടുവന്ന് റോഡ് സൈഡില്‍ കൂട്ടിയിടുകയായിരുന്നു. ഇതുപയോഗിച്ചാണ് അക്രമികള്‍ സി.എ.എ വിരുദ്ധ സമരക്കാരെ എറിഞ്ഞത്. പൊലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് നിറയൊഴിച്ചത്. അക്രമം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന തരത്തിലാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിച്ചത്.

SHARE