ന്യൂഡല്‍ഹി: ‘എന്റെ ഉപ്പയെ കൊന്നതു പോലെ എന്നെയും കുടുംബത്തെയും ഇവര്‍ കൊല്ലുമെന്ന് ഭയമുണ്ട്. ഈ പരാതി നല്കാന് ഞാനെന്റെ എല്ലാ ശക്തിയും സംഭരിച്ചിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ – വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ ഭവനരഹിതനായി ഈദ്ഗാഹ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സാഹില്‍ പര്‍വേസ് പൊലീസിന് എഴുതിയ പരാതിയാണിത്.
നീതി കിട്ടുന്നില്ലെന്ന ആശങ്കകള്‍ക്കിടയിലും പരാതിയുമായി സാഹില്‍ ധൈര്യപൂര്‍വ്വം മുമ്പോട്ടു പോയതോടെ പിതാവിനെ കൊന്ന കേസില്‍ അറസ്റ്റിലായത് 16 ആര്.എസ്.എസ് പ്രവര്‍ത്തകര്‍. ഫെബ്രുവരി 25ന് നടന്ന കൊലപാതകത്തില്‍ മാസങ്ങള്‍ക്ക് ശേഷമാണ് വടക്കന്‍ ഗോണ്ടയിലെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നത്.
കൊലപാതകം, കലാപമുണ്ടാക്കല്‍, മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കല്‍, നിയമപരമല്ലാതെ സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഏപ്രില്‍ ഒമ്പതിന് നടന്ന അറസ്റ്റ് പ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാദ്ധ്യമമായ ദ ക്വിന്റാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും അഭിഭാഷകനെ ഉദ്ധരിച്ച് ക്വിന്റ് പറയുന്നു.
ഭജന്‍പുര പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ഫെബ്രുവരി 24നും 25നും ഉണ്ടായ കലാപത്തെ കുറിച്ച് പര്‍വേസ് വ്യക്തമായി എഴുതുന്നുണ്ട്. 24ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കലാപം തുടങ്ങിയത്. കപില്‍ മിശ്ര സിന്ദാബാദ്, ദേശ് കെ ഗദ്ദാറോന്‍ കോ ഗോലി മാറോ സാലോന്‍ കോ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അക്രമികള്‍ എത്തിയത്.

മുദ്രാവാക്യത്തിന് ഒപ്പം ലാത്തി, വടി, തോക്ക്, ഇരുമ്പ് ദണ്ഡ്, വാള്, പെട്രോള്‍ ബോംബ് തുടങ്ങിയവ കൈയിലേന്തിയ അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. രാത്രി വൈകി വരെ മുസ്ലിംകളുടെ വീടുകള്‍ ലക്ഷ്യമാക്കി തുടര്‍ച്ചയായി ഇവര്‍ പെട്രോള്‍ ബോംബും കല്ലുകളുമെറിഞ്ഞു. വെടിവയ്പ്പുമുണ്ടായി- പരാതിയില്‍ പറയുന്നു.
പിതാവ് കൊല്ലപ്പെട്ടതിനെ കുറിച്ച് പര്‍വേസ് എഴുതുന്നത് ഇങ്ങനെ;
‘ ഫെബ്രുവരി 25ന് വൈകിട്ട് ഏഴു മണിയോടെ ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി പുറത്തിറങ്ങി. സുശീല്‍, ജെയ്വീര്, ദേവേശ് മിശ്ര, നരേഷ് ത്യാഗി എന്നിവര്‍ തെരുവില്‍ നില്ക്കുന്നുണ്ടായിരുന്നു. അവരുടെ കൈയില്‍ വാളും തോക്കും വടിയുമുണ്ടായിരുന്നു. പിതാവിനെ കണ്ട മാത്രയില്‍ സുശീല്‍ ഞങ്ങള്‍ക്കു നേരെ നിറയൊഴിച്ചു. വെടിയേറ്റ് ഉപ്പ തറയില്‍ വീണു. ഞാന്‍ ജീവനും കൊണ്ടോടി’
ദേവേശും ജെയ്വീറും പിതാവിന്റെ അടുത്തെത്തി ചവിട്ടുന്നത് താന്‍ ദൂരെ നിന്നു കണ്ടു. അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന പണമെടുത്തു- അദ്ദേഹം പരാതിയില്‍ കുറിച്ചു.
ഏപ്രില്‍ ഒമ്പതിന് ലഭിച്ച പരാതി പ്രകാരം 22 പേരെ പ്രത്യേക അന്വേഷണ സംഘം ദ്വാരകയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഇതില്‍ 16 പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. പരാതിയില്‍ പേരെടുത്തു പറഞ്ഞ ദേവേശ് മിശ്രയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. 1996 മുതല്‍ ആര്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ എട്ടു വര്‍ഷമായി യമുന വിഹാര്‍ ജില്ലയിലെ ആര്.എസ്.എസ് ഇന്‍ചാര്‍ജ് ആണ്.