ഡല്‍ഹി കലാപം കണ്ട യമരാജന്‍ പോലും രാജിവെക്കും; ശിവസേന

ഡല്‍ഹിയിലെ കലാപത്തെ നിശിതമായി വിമര്‍ശിച്ച് ശിവസേന. കലാപത്തിലെ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യമരാജന്‍ പോലും പദവി രാജി വെക്കുമെന്നാണ് ശിവസേന കുറ്റപ്പെടുത്തിയത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ വിമര്‍ശനം.

ഡല്‍ഹി കലാപത്തിന്റെ രംഗങ്ങള്‍ ഹൃദയ ഭേദകമായിരുന്നു. മരണത്തിന്റെ ക്രൂര താണ്ഡവം കാണുന്ന യമരാജന്‍ പോലും പദവി രാജി വെക്കും. നിഷ്‌കളങ്കരായ ഹിന്ദു, മുസ്‌ലിം കുട്ടികള്‍ അനാഥരായിത്തീര്‍ന്നു. നമ്മള്‍ അനാഥരുടെ പുതിയ ലോകം സൃഷ്ടിക്കുകയാണ്. ശിവസേന പറയുന്നു.പിതാവിന്റെ ഭൗതിക ശരീരത്തിനു മുമ്പില്‍ നില്‍ക്കുന്ന ആണ്‍കുട്ടിയുടെ ചിത്രം വൈറലായിരുന്നു. കലാപത്തില്‍ 50ല്‍പരം ആളുകളുടെ ജീവനെടുത്തവര്‍ ആരാണ്. 50 എന്നത് കേവലം ഒരു സംഖ്യ മാത്രമാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അത് നൂറില്‍ കൂടുതലാവും. 500ലേറെ പേര്‍ പരിക്കേറ്റവരായുണ്ട്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കുട്ടികളുടെ ചിത്രം കണ്ടതിനു ശേഷവും ആളുകള്‍ ഹിന്ദുമുസ്‌ലിം എന്നിങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അത് മനുഷ്യത്വത്തിന്റെ മരണമാണെന്നും സാമ്‌നയില്‍ പറയുന്നു.

ഹിന്ദുത്വം, മതേതരത്വം, ഹിന്ദുമുസ്‌ലിം, ക്രിസ്ത്യന്‍മുസ്‌ലിം തുടങ്ങിയ തര്‍ക്കങ്ങള്‍ കാരണം ലോകം നാശത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. തോമസ് എഡിസണ്‍ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്, ശാസ്ത്രവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും കാരണം ഓരോ വീട്ടിലും വെളിച്ചം എത്തിയിരിക്കുന്നു. മതത്തേക്കാള്‍, വൈദ്യുതി പ്രധാനമാണ്. മതം നന്‍മയോ അഭയമോ നല്‍കില്ല. മുഖപ്രസംഗത്തില്‍ പറയുന്നു.ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 47 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

SHARE