തിരുവനന്തപുരം: ഡല്‍ഹിയിലെ ഗുരുതരമായ സംഭവവികാസങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കാണ് ഇതുസംബന്ധിച്ച് കത്തയച്ചത്.
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണെന്നും എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കളുമായി തങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തില്‍ സംഭവിച്ചതുപോലെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഈ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പ്രതിപക്ഷ നേതാക്കന്മാര്‍ക്കും കത്തയച്ചിട്ടുണ്ട്-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അടുത്ത ദിവസങ്ങളില്‍ തന്നെ ഡല്‍ഹിയില്‍ ചെന്ന് തങ്ങളാലാകുന്ന സഹായങ്ങളും ഇടപെടലുകളും എല്ലാം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. പ്രദേശത്ത് ഇപ്പോള്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.