ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ‘ജനകീയ പ്രതിഷേധം’ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിറില്‍ ‘ജനകീയ പ്രതിഷേധം’ സംഘടിപ്പിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത ഈ കലാപത്തിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് മുസ്‌ലിം ലീഗ് തീരുമാനിച്ചിരിക്കുന്നതെന്നും. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് സമര്‍പ്പിത സമര പരിപാടികളുമായി മുസ്‌ലിം ലീഗ് പോരാട്ടങ്ങളുടെ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍ എത്തിയിരുന്നു.  ഡല്‍ഹിയിലെ കാഴ്ച്ചകള്‍ ഹൃദയം നുറുങ്ങുന്നതാണെന്നും കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപിയും ആവശ്യപ്പെട്ടിരുന്നു.

സോണിയാ ഗാന്ധിയുടെ ജന്‍പഥിലുള്ള വസതിയിലെത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായും ദീര്‍ഘനേരം ചര്‍ച്ച നടത്തി. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ക്കൂടി ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ത്ത് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച ജനാധിപത്യ പ്രതിരോധം തീര്‍ക്കണമെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടു.

ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ്, നവാസ് ഗനി എംപി, ഡോ.എംകെ മുനീര്‍, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുറം അനീസ് ഉമര്‍ തുടങ്ങിയ നേതാക്കളാണ് സോണിയാ ഗാന്ധിയെ കണ്ടത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം മുന്‍ നിര്‍ത്തി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഇരുസഭകളിലും ഇന്ന്‌ മുസ്‌ലിം ലീഗ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തി. ഡല്‍ഹി കലാപത്തെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്നു ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു.

യുഎസ് പ്രസിഡന്റെ സന്ദര്‍ശനവേളയില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ നാണക്കേടിലാക്കിയ ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് കലാപം തടയുന്നതില്‍ ഉണ്ടായത്. കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനാണ് ആദ്യ ദിവസങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സഭക്കകക്കും പുറത്തും കേന്ദ്ര സര്‍ക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിനുള്ള നീക്കങ്ങളും പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.