മൃതദേഹങ്ങള്‍ കൊണ്ട് തെരുവു നിറക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കപില്‍ മിശ്രക്ക് ഉറപ്പുനല്‍കി; ഡല്‍ഹി കലാപക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമമായ ദി കാരവന്റെ അന്വേഷണ റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കൊണ്ട് തെരുവു നിറക്കാമെന്ന് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് ഉറപ്പുനല്‍കിയെന്ന് ആരോപിച്ച് പ്രദേശവാസിയുടെ പരാതി. ഇതടക്കം നിരവധി പരാതികള്‍ വന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപില്‍ മിശ്രക്ക് പുറമെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി സത്യപാല്‍ സിങ്, എം.എല്‍.എമാരായ നന്ദ് കിശോര്‍ ഗുജ്ജര്‍, മോഹന്‍ സിങ് ബിഷ്ത്ത്, മുന്‍ എം.എല്‍.എ ജഗ്ദീഷ് പ്രധാന്‍ എന്നിവര്‍ക്കെതിരായ പരാതികളും പൊലീസ് മുക്കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

കലാപം നടന്ന ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയിലെ ചാന്ദ് ബാഗ് സ്വദേശി റുബീന ബാനു നല്‍കിയ പരാതിയിലാണ് പൊലീസിനെതിരെ കടുത്ത ആരോപണമുള്ളത്. ദയാല്‍ പുരി പൊലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അനൂജ് കുമാര്‍ കൂട്ടക്കൊല നടത്താന്‍ ഉറപ്പുനല്‍കിയെന്നാണ് പരാതി. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് നാം തെരുവു നിറക്കുമെന്നും തലമുറകളോളം ഇവര്‍ക്കിതൊരു ഓര്‍മയാകുമെന്നും എ.സി.പി അനൂജ് പറഞ്ഞെത് താന്‍ കേട്ടെന്ന് റുബീന ആരോപിക്കുന്നു. കപില്‍ മിശ്രയുടേതാണെന്ന് പറഞ്ഞ് കീഴുദ്യോഗസ്ഥന്‍ ഫോണ്‍ കൈമാറിയ ശേഷം നടന്ന സംഭാഷണത്തിലാണ് എ.സി.പി അനൂജ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

SHARE