ഡല്‍ഹിയിലേത് ആസൂത്രിത കലാപമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. കലാപത്തിന് 24 മണിക്കൂര്‍ മുമ്പേ 1500-2000 പേരെ പുറത്ത് നിന്നും എത്തിച്ച് കലാപത്തിനായി ഗൂഡാലോചന നടത്തിയതായും അദ്ദേഹം പറഞ്ഞു.
കലാപത്തിന് മുമ്പേ പുറത്ത് നിന്നും എത്തിച്ചവരെ ഡല്‍ഹിയിലെ സ്‌കൂളുകളിലാണ് പാര്‍പ്പിച്ചതെന്നും ഇവര്‍ എവിടെ നിന്നാണ് വന്നതെന്ന് പൊലീസും ഇന്റലിജന്‍സുമാണ് കണ്ടു പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖംമൂടികളും ഹെല്‍മറ്റുകളും ധരിച്ച് കലാപത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോഗ്രാഫുകള്‍ ന്യൂനപക്ഷ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും 1500-2000 പേര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂള്‍, ഡി.ആര്‍.പി കോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അക്രമികള്‍ കലാപത്തിന്റെ തലേ ദിവസം തങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന വസ്തുതാ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതേദിവസം തന്നെ പൊലീസ് വിവിധയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കലാപത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പൊലീസ് സാന്നിധ്യം കുറവായിരുന്നു. നിരവധി ആളുകളെ രക്ഷിച്ചുവെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ അവര്‍ ആരേയും രക്ഷിച്ചിട്ടില്ല. ആരുടേയും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയിട്ടില്ല. മറിച്ച് ആളുകളെ ചുട്ടുകൊല്ലാന്‍ അനുവദിക്കുകയായിരുന്നു. കലാപകാരികളെ വീടുകള്‍ തകര്‍ക്കാനും സ്ഫോടനം നടത്താനും പൊലീസ് സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് സജീവമായത്. ദുരിത ബാധിത പ്രദേശങ്ങളൊക്കെ ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോളനികളില്‍ നിന്നെല്ലാം ആളുകള്‍ പലായനം ചെയ്തു കഴിഞ്ഞു. പലരും ബന്ധുവീടുകളിലും മറ്റുമാണ് ഇപ്പോള്‍ കഴിയുന്നത്. മറ്റുചിലര്‍ സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവിടെയുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുണ്ട്.
പക്ഷേ അവര്‍ക്ക് വേണ്ടത് ഇത് മാത്രമല്ല. ജീവിതം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായമാണ്. നിരവധി ആളുകള്‍ക്ക് അവരുടെ കടകളും ബിസിനസുകളും നഷ്ടപ്പെട്ടു. അവ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്.സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പര്യാപ്തമല്ല. ദുരിതബാധിതര്‍ക്ക് അവരുടെ ജീവിതം പഴയ നിലയില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ തുക വര്‍ധിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പല വീടുകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
മതിലുകളും മേല്‍ക്കൂരകളും തകര്‍ന്നിരിക്കുന്ന വീടുകളുമാണ് അധികവും. കേടുപാടുകള്‍ സംഭവിക്കാത്ത വളരെ കുറച്ച് വീടുകള്‍ മാത്രമേ ഉള്ളൂ. ആളുകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടാല്‍ മാത്രമേ അവിടേക്ക് മടങ്ങിവരാവൂ എന്നാണ് തോന്നുന്നത്. വീട് അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക സഹായമാണ് എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SHARE