ഡല്‍ഹി കലാപം ആളിക്കത്തിച്ചത് അമിത് ഷായും യോഗിയും; ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം ആളിക്കത്തിച്ചതിന് പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളെന്ന് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട്. കലാപത്തിന് തൊട്ടു മുമ്പ് പ്രകോപന പ്രസംഗങ്ങളിലൂടെ ‘സാമുദായിക വികാരം ആളിക്കത്തിച്ചു’ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

53 പേരുടെ ജീവന്‍ നഷ്ടമായ കലാപത്തില്‍ പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു എന്നും അക്രമികളെ പ്രത്സാഹിപ്പിച്ചു എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുന്‍ ഡല്‍ഹി മന്ത്രി കപില്‍ മിശ്രയുടെ പേരും റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 23ന് മൗജ്പുരില്‍ കപില്‍ മിശ്ര നടത്തിയ പ്രസംഗമാണ് കലാപത്തിന്റെ അടിയന്തര കാരണമെന്നും കമ്മിഷന്‍ പാനല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സുപ്രിംകോടതി അഭിഭാഷകന്‍ എം.ആര്‍ ഷംസാദിന്റെ നേതൃത്വത്തിലുള്ള വസ്തുതാ പഠന സമിതി ഡല്‍ഹി മന്ത്രിസഭയ്ക്കും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കലാപാനന്തരം കുറ്റം ആരോപിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇരകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഡല്‍ഹി തെരഞ്ഞെടുപ്പാണ് കലാപത്തിന് കളമൊരുക്കിയത്.

തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി അമിത് ഷാ, യോഗി ആദിത്യനാഥ്, കപില്‍ മിശ്ര, ഗിരിരാജ് സിംഗ്, അനുരാഗ് ഠാക്കൂര്‍, എം.പിമാരായ പര്‍വേശ് വര്‍മ, തേജസ്വി യാദവ് എന്നിവര്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. പരസ്യമായ ഭീഷണികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും കലര്‍ന്ന പ്രസംഗങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്- റിപ്പോര്‍ട്ട് പറയുന്നു.

‘ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുള്ള ഓരോ വോട്ടും ഷഹീന്‍ബാഗുപോലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കും’- എന്നായിരുന്നു ജനുവരി 27ന് അമിത് ഷാ നടത്തിയ പ്രസംഗം. ഫെബ്രുവരി രണ്ടിന് യോഗി ആദിത്യനാഥും വിഷം തുപ്പുന്ന പ്രസംഗം നടത്തി. ‘ഷഹീന്‍ ബാഗിലെ കലാപകാരികളെ അഹായിക്കുകയാണ് കെജ്രിവാള്‍. ഇപ്പോ നടക്കുന്നത് ആര്‍ട്ടിക്ള്‍ 370 എടുത്തുകളഞ്ഞതിനും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനും എതിരായ പ്രതിഷേധമാണ്’-യോഗി പറഞ്ഞു. ഇതാണ് കലാപത്തിന് കാരണമായത്.

ഫെബ്രുവരി 23ന് മൗജ്പൂരില്‍ കപില്‍ മിശ്ര നടത്തിയ പ്രസംഗത്തിന് ശേഷമാണ് വിവിധ സ്ഥലങ്ങളില്‍ അക്രമം ആരംഭിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലെ പ്രതിഷേധക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കണം എന്നായിരുന്നു മിശ്രയുടെ പ്രസംഗം. മൂന്ന് ദിവസത്തിനകം റോഡ് ഒഴിപ്പിച്ചില്ലെങ്കില്‍ പൊലീസിനെ അനുസരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീ വേദ് പ്രകാശ് സൂര്യ അടുത്തു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം- റിപ്പോര്‍ട്ട് പറയുന്നു.