ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. പ്രദേശത്തുനിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. ഒരു മൃതദേഹം ഗോകുല്‍പുരി പോലീസ് സ്‌റ്റേഷനു സമീപത്തുനിന്നും മറ്റൊന്ന് അഴുക്കുചാലില്‍നിന്നും മൂന്നാമത്തെ മൃതദേഹം കനാലില്‍നിന്നുമാണ് കണ്ടെത്തിയത്.
ആശുപത്രിയില്‍ ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളുടെ അടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന സംശയവും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. കത്തിയമര്‍ന്ന കെട്ടിടങ്ങളുടെ പരിസരം വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.