മസ്ജിദിനു മുകളിലെ കോളാമ്പി വലിച്ചു താഴെയിട്ട് അവിടെ ഹനുമാന്‍ കൊടി കെട്ടി; വിതുമ്പി മുസ്ലിംലോകം ഡല്‍ഹിയില്‍ കണ്ണുതള്ളുന്ന സംഘപരിവാര്‍ ക്രൂരത

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അശോക് വിഹാറിലെ മുസ്‌ലിം പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി ബാങ്കുവിളി കേള്‍ക്കാന്‍ വെച്ച കോളാമ്പി മൈക്ക് താഴത്തേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് മിനാരത്തിനുമേല്‍ ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു. 1992ലെ ബാബരി മസ്ജിദ് പൊളിക്കുന്ന ദൃശ്യത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലായിരുന്നു മിനാരത്തിനു മേലുള്ള കൈയേറ്റം.

മസ്ജിദ് പരിസരത്തുള്ള ഒരു ഫൂട്‌വെയര്‍ ഷോപ്പടക്കം, കടകളെല്ലാം കൊള്ളയടിക്കപ്പെട്ടു. കൊള്ളയടിക്കാനെത്തിയവര്‍ പരിസരവാസികളല്ലെന്നും പ്രദേശത്ത് താമസിക്കുന്നവരിലധികവും ഹിന്ദു കുടുംബങ്ങളില്‍പ്പെട്ടവരാണെന്നും കുറച്ച് മുസ്‌ലിം വീടുകളെയുള്ളുവെന്നും പ്രദേശവാസികള്‍ ദ വയറിനോട് പറഞ്ഞു.

പൊലീസുകാരെ അക്രമം നടക്കുമ്പോള്‍ സ്ഥലത്ത് കണ്ടില്ലെന്നും പൊലീസ് നേരത്തെ തന്നെ മുസ്ലിം സമുദായത്തിലുള്ള മനുഷ്യരെ സ്ഥലം മാറ്റിയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനെത്തി തീയണക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫയര്‍ ഫോഴ്‌സ് പോയ ശേഷം തിരികെയെത്തിയ അക്രമികള്‍ വീണ്ടും ഇവിടേക്കെത്തി പള്ളിക്ക് തീകൊളുത്തുകയായിരുന്നു.

പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മരണം ഒമ്പതായി. നാല് പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ 24 ന്യൂസ് റിപ്പോര്‍ട്ടര്‍ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

നേരത്തെ എന്‍.ഡി ടി.വി റിപ്പോര്‍ട്ടര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു.