
എം.കെ നൗഷാദ്
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ സംഘ്പരിവാര ശക്തികള്‍ തുനിഞ്ഞപ്പോഴൊക്കെ അവരുടെ ശബ്ദമായി മുസ്ലിംലീഗ് ഉയര്‍ന്നുനിന്നിട്ടുണ്ട്. കലാപങ്ങളിലൂടെയും ആള്‍ക്കൂട്ട കൊലകളിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ഒരു ജനതയുടെ ആത്മവീര്യത്തെയും അന്തസ്സോടെയുള്ള നിലനില്‍പ്പിനെയും ചോദ്യംചെയ്യാമെന്നാണ് ഫാസിസിസ്റ്റ് ശക്തികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഖാഈദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബടക്കമുള്ള ദീര്ഘദൃക്കുകളുടെ കൈപടയില്‍ പിറന്ന ഇന്ത്യന്‍ ഭരണഘടന ആരെയും അതിന് എളുപ്പം അനുവദിക്കുന്നതല്ല.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം കലാപ ഭൂമിയില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാക്കള്‍ കുതിച്ചെത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അതിവേഗമായിരുന്നു ഇരകളെ ആശ്വസിപ്പിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കനുമായി ഡല്‍ഹിയില്‍ എത്തിയത്. ആള് ഇന്ത്യാ കെ.എം.സി.സി പ്രതിനിധികള്‍ ഡല്‍ഹിയിലാണ്. ഓരോ ദിവസവും അവലോക യോഗങ്ങള്‍ കൂടി അടുത്ത ദിവസത്തേക്കുള്ള രൂപരേഖകള്‍ തയ്യാറാക്കിയും ടീമുകളായി തിരിച്ച് വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. വിവിധ കലാപ ബാധിത പ്രദേശങ്ങളും ക്യാമ്പുകളും ആസ്പത്രികളും സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ മനസ്സിലാക്കുകയും സംഘ്പരിവാര്‍ ആക്രമണത്തിന്റെ ആഴം നേരിട്ട് മനസ്സിലാക്കുകയുമായിരുന്നു ഒന്നാം ഘട്ടമായി ചെയ്തത്.
മുസ്ലിം യൂത്ത്ലീഗിന്റെയും എം.എസ്.എഫിന്റെയും പ്രതിനിധി സംഘത്തോടൊപ്പം കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട മുസ്ഥഫാബാഗിലെ ക്യാമ്പുകളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. അതിദയനീയ കാഴ്ചകളാണ് മുസ്ഥഫാബാഗില് കാണാന്‍ കഴിഞ്ഞത്. പത്ര മാധ്യമങ്ങളിലൂടെ അറിയുന്നതിലും ഇരട്ടിയാണ് കലാപത്തിന്റെ മുറിവ്. ആരുടെ മുഖത്ത്നിന്നും ആശങ്ക ഒഴിഞ്ഞുമാറിയിട്ടില്ല. കരിഞ്ഞുണങ്ങിയ കുടിലുകളിലേക്ക് തിരിച്ചു പോകാന്‍ ആര്‍ക്കും താല്പര്യമില്ല. ഏതു സമയത്തും ഇനിയും അക്രമിക്കപ്പെടുമോയെന്ന ഭയം അവരുടെ മുഖത്ത് തളംകെട്ടി നില്ക്കുന്നു.
അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍. ഒന്നിനുമീതെ മറ്റൊന്നായി അട്ടിയിട്ട കൂരകള്‍ നിറഞ്ഞ ഗല്ലികള്‍. ആ ഗല്ലികളില്‍നിന്ന് മരണത്തിന്റെ ഗന്ധം ഒഴിഞ്ഞുമാറിയിട്ടില്ല. ഓരോ സമയത്തും ഓരോ വീടുകളിലേക്കും മയ്യിത്തുകള്‍ കയറിവരുന്നു. കലാപം നടന്നപ്പോള്‍ എങ്ങോട്ടെങ്കിലും ഓടിപ്പോയവരായിരിക്കുമെന്ന് കരുതിയവരെ, കഫന്പുടയില് പുതച്ച് കൊണ്ടുവരുന്ന കാഴ്ച. അടുത്തടുത്ത വീടുകളില്‍ രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി ജനാസ നമസ്കാരങ്ങള്‍. മക്കളുടെ വേര്‍പാടില്‍ ആര്‍ത്തലക്കുന്ന ഉമ്മമാരുടെ മുഖങ്ങള്‍. മുസ്ഥഫാബാഗിന്റെ ആത്മാവിലേക്ക് തന്നെയാണ് അക്രമികള്‍ ഉന്നംതെറ്റാതെ വെടിവെച്ചത്. മുസ്ഥഫാബാഗിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരട്ട സഹോദരങ്ങളുടെ മയ്യിത്ത് കുളിപ്പിക്കുന്നതാണ് ആദ്യം കണ്ടത്. ഇവര്‍ വീട്ടിലേക്ക് ബൈക്കില്‍ വരികയായിരുന്നു. തടഞ്ഞുവെച്ച് പേര് ചോദിച്ചു. മുസ്ലിം പേര് കേട്ടയുടന്‍ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അല്‍ഹിന്ദ് ആസ്പത്രിയില്‍ മുസ്ലിംലീഗ് സംഘം പോയിരുന്നു. പരിക്കേറ്റവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുയും സഹായങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ശരിയായ രീതിയില്‍ മെഡിസിന് ലഭിക്കുന്നില്ല. പല ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും അവരുടെ കൈയിലും വേണ്ടത്ര മരുന്നുകളില്ല. ഒരു മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. കലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ശിവാപൂരയില്നിന്നും പലായനം ചെയ്തു വന്ന മുന്നൂറോളം കൂടുംബങ്ങള് താമസിക്കുന്നത് ഈ മദ്രസയിലാണ്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു ക്യാമ്പില്‍ പോയപ്പോള്‍ കുട്ടികളടക്കം അവിടെ അറുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് അടിയന്തിരമായ വേണ്ടിയിരുന്നത് അഞ്ഞൂറ് ബ്ലാങ്കറ്റുകളും മരുന്നുകളുമായിരുന്നു. ആവശ്യപ്പെട്ടതു പ്രകാരമുള്ള മരുന്നുകളും ബ്ലാങ്കറ്റുകളും എത്തിച്ചു.
ആദ്യഘട്ടമായി ചെയ്യുന്നത് കലാപത്തിന്റെ ആഴം മനസ്സിലാക്കാനും നഷ്ടങ്ങളുടെ ഏകദേശ കണക്ക് മനസ്സിലാക്കാനുമുള്ള വസ്തുതാന്വേഷണമാണ്. ജി.ടി.ബി ആസ്പത്രിയില്‍ ആള് ഇന്ത്യാ കെ.എം.സി.സി പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. പരിക്കേറ്റ മുന്നൂറിലെറെ ആളുകള്‍ അവിടെ ദുരിതത്തില്‍ കഴിയുന്നു. അവര്‍ക്ക് അടിയന്തിരമായ നല്‍കേണ്ട ചികിത്സയെകുറിച്ചും ആവശ്യമായ മരുന്നുകളെകുറിച്ചും മനസ്സിലാക്കി. ലീഗല്‍ സഹായങ്ങള്‍ നല്‍കേണ്ടതിനെക്കുറിച്ചും ധാരണയുണ്ടാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളും ജീവിത മാര്‍ഗങ്ങളും നശിപ്പിക്കപ്പെട്ട സമൂഹത്തിന്റെ വീണ്ടെടുപ്പിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. ഇവരുടെ ജീവിതം സാധാരണഗതിയിലേക്ക് വീണ്ടെടുക്കണമെങ്കില്‍ കാലങ്ങള്‍ പിടിക്കും. മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ, ഡല്‍ഹി സര്‍വകലാശാല എന്നിവടങ്ങളില്‍ നിന്നൊക്കെയുള്ള വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സാമ്പത്തികമായ കടമ്പകള്‍ എല്ലാവരെയും അലട്ടുന്നുണ്ട്. തൊഴിലുപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ എത്തിച്ചുനല്‍കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
വപൂരയിലാണ് സംഘ്പരിവാരത്തിന്റെ അക്രമം ഏറ്റവും സാരമായി ബാധിച്ചത്. ബംഗാളില്‍നിന്നും ബീഹാറില്‍നിന്നുമൊക്കെ വന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരാണ് ഇവിടെയുള്ളത്. ചെറിയ വാടകയില്‍ ഇവര്‍ താമസിക്കുന്ന വീടുകളാണ് പൂര്‍ണ്ണമായി അഗ്നിക്കിരയാക്കിയത്. ടൈലറിങ് പോലെയുള്ള കുടില്‍വ്യവസായം ചെയ്തു ജീവിക്കുന്നവരാണ് ഈ ജനത. അവരുടെ ടൈലറിങ് മെഷീനടക്കം കത്തിച്ചു കളഞ്ഞിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള ആളുകളെത്തിയെന്ന് കേട്ടപ്പോള്‍തന്നെ അവരിലൊരു ആശ്വാസം തെളിയുന്നത് കാണാമായിരുന്നു. ഡോക്ടര്‍മാര്‍ക്ക് നമ്പര്‍ നല്‍കുകയും എന്തു സഹായത്തിനും വിളിക്കാമെന്നും പറഞ്ഞു. ഇരകള്‍ക്ക് നേരിട്ട് സഹായങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതു അല്പംസമയം പിടിച്ചാലും മറ്റാരെയും ഏല്‍പ്പിക്കാതെ മുസ്ലിംലീഗിന്റെയും ആള് ഇന്ത്യാ കെ.എം.സി.സിയുടെയും സാമ്പത്തികമായ സഹായവും മറ്റു ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കലപബാധിതര്ക്ക് നേരിട്ട് ഏല്‍പ്പിക്കും.