ഡല്‍ഹി കലാപം; മരണം ഒമ്പത് ആയി

ഡല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ വെടിയേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴികുയായിരുന്നവരാണ് മരിച്ചത്. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയെന്ന് ജിടിബി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ആളുകളെയാണ് ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ രംഗത്ത് ഇറക്കണമെന്ന് കെജ്രിവാളിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. കലാപ ബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് പോലീസിനേയും കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.സംഘര്‍ഷം യമുന വിഹാര്‍, വിജയ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഒപ്പം കരവല്‍ നഗര്‍, മോജ്പൂര്‍ എന്നിവിടങ്ങളിലും വീണ്ടും ആക്രമണമുണ്ടായി. തെരുവുകളില്‍ കലാപകാരികള്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അഴിഞ്ഞാടുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും കലാപകാരികള്‍ ആക്രമണം അഴിച്ചു വിട്ടു.ജാഫ്രാബാദില്‍ പള്ളി ആക്രമിക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് എന്‍ഡിടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത്. ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കെ ജെകെ 24 ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.

SHARE