ഡല്‍ഹിയിലെ കലാപത്തില്‍ മരണം 24 ആയി

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി. ദല്‍ഹിയില്‍ അക്രമം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ശാന്തിയും സമാധാനവുമാണ് പ്രധാനമെന്നും ദല്‍ഹിയിലെ സഹോദരന്മാര്‍ സമാധാനം പാലിക്കണമെന്നും ദല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. പരുക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ദല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടത്.

ദല്‍ഹിയിലെ ആക്രമണത്തില്‍ 56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കുനേരെയുണ്ടായ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. രാജ്യത്തെ മറ്റൊരു 1984ലേക്ക് തള്ളിവിടരുതെന്നും ഈ കോടതി നോക്കിനില്‍ക്കുമ്പോള്‍ അതിന് അനുവദിക്കില്ലെന്നും ഹൈകോടതി പറഞ്ഞിരുന്നു.