ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൂന്നു ദിവസമായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഭീകരാന്തരീക്ഷമാണ് രാജ്യതലസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. പലയിടത്തും കലാപകാരികള്‍ അഴിഞ്ഞാടുകയാണ്. നിരവധി പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഇന്നലെ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസ് കമ്മീഷണറെ മാറ്റി പകരക്കാരനെ നിയമിച്ചു. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മൗജ്പൂരില്‍ നടന്ന മാര്‍ച്ചിനു പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആദ്യ ദിനത്തില്‍ സംഘര്‍ഷം തടയാനെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലേയും വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. നിരവധി വീടുകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.
ബി.ജെ.പിയുടേയും ആര്‍.എഎസ്.എസിന്റേയും തണലിലാണ് പൗരത്വ നിയമ അനുകൂലികള്‍ ആസൂത്രിത അക്രമം അഴിച്ചുവിട്ടത്. പൊലീസിനെ നോക്കുകുത്തിയാക്കി നടന്ന കലാപം ആസൂത്രിതവും സംഘടിതവുമായിരുന്നു. ന്യൂനപക്ഷങ്ങള്‍ തിങ്ങിത്താമസിക്കുന്ന മേഖലകളില്‍ വ്യാപക കൊള്ളയും കൊള്ളിവെപ്പുമാണ് അരങ്ങേറുന്നത്. ബജന്‍പുരില്‍ പെട്രോള്‍ പമ്പിനും ടയര്‍ ഫാക്ടറിക്കും ഉള്‍പ്പെടെ അക്രമികള്‍ തീവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും വ്യാപക അക്രമങ്ങളുണ്ടായി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്.
പൗരത്വ നിയമ വിരുദ്ധ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഡല്‍ഹി പൊലീസിന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. നാലുപേരെ കൊല്ലപ്പെട്ട നിലയിലാണ് ആസ്പത്രിയില്‍ എത്തിച്ചതെന്നും മറ്റുള്ളവര്‍ ആസ്പത്രിയിലെത്തിയ ശേഷമാണ് മരിച്ചതെന്നും ജി.ടി.ബി ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലിലും കല്ലേറിലും വെടിവെപ്പിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. 50 ശതമാനത്തിലധികം പേര്‍ക്കും പരിക്കേറ്റത് വെടിയേറ്റാണെന്ന ജി.ടി.ബി ആസ്പത്രി അധികൃതരുടെ സ്ഥിരീകരണം അക്രമം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്. കലാപകാരികള്‍ക്ക് ഇത്രയധികം തോക്കുകള്‍ എവിടെനിന്ന് എങ്ങനെ ലഭിച്ചുവെന്ന ചോദ്യം ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും. ഇതിനിടെ ഡല്‍ഹിയില്‍ ക്രമസമാധാന നില പുനഃസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. പുറത്തുനിന്നുള്ളവരാണ് ഡല്‍ഹിയിലെത്തി അക്രമം അഴിച്ചു വിടുന്നതെന്നും ഈ സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കെജ്‌രിവാള്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമൊപ്പം രാജ്ഘട്ടിലെത്തി സത്യഗ്രഹമിരുന്നും കെജ്‌രിവാള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഫഌഗ് മാര്‍ച്ച് നടത്താനും കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. ആയിരത്തിലധികം പൊലീസുകാരെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മൗജ്പൂരും ബാബര്‍പൂരും ജാഫറാബാദും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വ്യാപക ഏറ്റുമുട്ടലുണ്ടായത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി.