ഡല്‍ഹിയില്‍ കനത്ത മഴ; തലസ്ഥാന നഗരം വെള്ളക്കെട്ടില്‍- കെജരിവാള്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ആര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ വെള്ളക്കെട്ടിലായി രാജ്യത്തിന്റെ തലസ്ഥാന നഗരി. പുലര്‍ച്ചെ ഡല്‍ഹി-എന്‍സിആറില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളത്തില്‍ മുക്കി. ഡല്‍ഹി മിന്റൊ പാലത്തിനടിയില്‍ വെള്ളക്കെട്ടില്‍പെട്ട് ബസ് ഡ്രൈവര്‍ മരിച്ചു.

ഇന്ന് രാവിലെ കൊണാട്ട് പ്ലേസിലേക്ക് ടാറ്റാ ഏസ് ബസ് ഓടിച്ചിരുന്ന 60 കാരനായ കുന്ദനാണ് മരിച്ചത്. വെള്ളംകയറിയ അണ്ടര്‍പാസില്‍ ബസ് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ബസ് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ബസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഐടിഒയ്ക്ക് സമീപമുള്ള അന്ന നഗറിലെ ചേരി പ്രദേശത്ത് ഒരു വീട് വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. കനത്ത മഴയെതുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് വലിയ കിടങ്ങ് രൂപപ്പെടുകയും അതിലേക്ക് സമീപത്തെ വീട് ഇടിഞ്ഞുവീഴുകയമായിരുന്നു. തുടര്‍ന്നുണ്ടായ വലിയ ഒഴുക്കില്‍ വീടാകെ ഒലിച്ചുപോലുകയുമുണ്ടായി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവ സമയത്ത് ആരും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, രണ്ട് മണിക്കൂര്‍ നീണ്ട മഴയ്ക്കുള്ളില്‍ തലസ്ഥാന നഗരി വെള്ളക്കെട്ടില്‍ മുങ്ങിയ അവസ്ഥയില്‍ കെജരിവാള്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ഉയരുകയാണ്.

SHARE