പൊലീസിനെ വെട്ടിച്ച് ടെറസുകള്‍ ചാടിയെത്തി ചന്ദ്രശേഖര്‍ ആസാദ്; ഡല്‍ഹിയില്‍ വമ്പിച്ച പ്രതിഷേധം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ വന്‍ ജനപങ്കാളിത്തം. ഡല്‍ഹി ജുമാ മസ്ജിദിലെ ജുമുഅ നമസ്‌കാരാനന്തരം നിരോധനാജ്ഞ ലംഘിച്ചാണ് കൂറ്റന്‍ പ്രതിഷേധ റാലി അരങ്ങേറിയത്. റാലിക്കായി എത്തിയ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് പിടികൂടിയെങ്കിലും അദ്ദേഹം കുതറി രക്ഷപ്പെട്ട് പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മസ്ജിദ് പരിസരത്തെത്തി പ്രക്ഷോഭം നയിച്ചത്. ദില്ലി ഗേറ്റിനു സമീപംവെച്ച് പൊലീസ് റാലി തടഞ്ഞു.

ഇന്നലെ ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നുവെങ്കിലും പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കാല്‍ലക്ഷത്തോളം പേരാണ് മസ്ജിദിലെത്തിയത്. കൂടുതല്‍ പേര്‍ എത്തിച്ചേരാതിരിക്കാന്‍ വേണ്ടി സമീപത്തുള്ള മെട്രോ സ്‌റ്റേഷനുകളെല്ലാം അടച്ചിരുന്നെങ്കിലും ജനങ്ങള്‍ ചെറുകൂട്ടങ്ങളായി എത്തി. സുരക്ഷാ സേനയെ വന്‍തോതില്‍ വിന്യസിച്ചിരുന്നതിനാല്‍ ആയിരത്തില്‍ കുറവ് ആളുകളേ പ്രക്ഷോഭത്തിന് ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കാല്‍ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുള്ള പള്ളി ജുമുഅ നിസ്‌കാരത്തിന് നിറഞ്ഞുകവിഞ്ഞു. സമീപമുള്ള പള്ളികളില്‍ നിന്ന് ജുമുഅ കഴിഞ്ഞെത്തിയവരും ഭീം ആര്‍മി പ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ ചേര്‍ന്നു.

പ്രക്ഷോഭ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ജുമാമസ്ജിദിനു പുറത്തുവെച്ച് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെ ആസാദ് പൊലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു. ജനങ്ങളുടെ പ്രക്ഷോഭത്തിനിടെ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് ചാടിയാണ് പ്രക്ഷോഭകര്‍ക്കു സമീപമെത്തിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കി ആസാദ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. പ്രക്ഷോഭത്തിനിടെ ആസാദിനെ വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമുണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു.

ദേശീയ പതാകയും പൗരത്വ നിയമവിരുദ്ധ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചുള്ള പ്രക്ഷോഭത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്രസര്‍ക്കാറിനുമെതിരായ മുദ്രാവാക്യം ഉയര്‍ന്നു. ജുമാ മസ്ജിദില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി ഗേറ്റിനു സമീപം പൊലീസും സുരക്ഷാ സൈനികരും ചേര്‍ന്ന് റാലി തടഞ്ഞു. ഇവിടെ വെച്ച് ആസാദിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും അതിന് കഴിഞ്ഞില്ല എന്നാണ് വിവരം.

SHARE