ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; പൊലീസ് സ്റ്റേഷന് തീവെച്ചു

ന്യൂഡല്‍ഹി: പൗരത്വബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം ശക്തമാവുന്നു. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരും പൊലീസും ഏറ്റുമുട്ടി. വലിയൊരു വിഭാഗം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന് തീവെക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ തടഞ്ഞതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ സീലാംപൂര്‍ ചൌക്കില്‍ ഏറ്റുമുട്ടലുണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഞായറാഴ്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയുടെ പേരില്‍ ഡല്‍ഹി പൊലീസ് കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് സംഭവം.

SHARE