കോവിഡിന് മറവില്‍ മുസ്‌ലിംവേട്ട; ഡല്‍ഹി കലാപം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ്‌നടപടികള്‍ തുടരുന്നു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി നേതാവിനെ കൂടി ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ഇന്ന് അറസ്റ്റ് ചെയ്തു. കോവിഡിന് മറവില്‍ ഡല്‍ഹി കലാപം ആരോപിച്ച് സര്‍വകലാശാലയിലെ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെയാണ് യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഇഖ്ബാലിനെ ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുന്നത് തടയല്‍ നിയമമനുരിച്ചാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസംബറ് 15ലെ ജാമിഅയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് എഴ് ദിവസത്തെ പോലീസ് കസ്റ്റഡിലും വിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഡല്‍ഹി കലാപം ആരോപിച്ച് യു.എ.പി.എ. ഡല്‍ഹി ചാന്ദ്ബാഗ് മേഖലയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇഖ്ബാലിനെ കൂടാതെ മറ്റാളുകളേയും പോലീസ് അറസ്റ്റു ചെയ്തതായാണ് റിപ്പോര്‍ട്ട്.

ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍ സഫൂറ സര്‍ഗാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കി എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയിരിക്കുന്നു. ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകളും വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു.