കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിച്ച സംഭവം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ച സംഭവത്തിന് പിന്നാലെ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയെ കസ്റ്റഡിയിലെടുത്തു ഡല്‍ഹി പോലീസ്.

ഹരിയാനയിലെ അംബാലയില്‍ നിന്നും യു.പിയിലെ ത്സാന്‍സിയിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളുമായാണ് രാഹുല്‍ ഗാന്ധി സംവദിച്ചത്. യാത്രക്കിടെ ഫ്‌ലൈ ഓവറിന് താഴെ വിശ്രമിക്കുകയായിരുന്നു ഇവര്‍. ഇതുവരെ 130 കിലോമീറ്ററിലേറെ സഞ്ചരിച്ചുവെന്നും കൂടുതല്‍ ദൂരം നടക്കാനുണ്ടെന്നും തൊഴിലാളികള്‍ അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് ഇവരെ വീടുകളിളെത്തിക്കാന്‍ എല്ലാ സൗകര്യവും ഡല്‍ഹി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും നടന്നിരുന്നു. കാറുകളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടിയേറ്റ തൊഴിലാളികളെ അവരവരുടെ വീടുകളിലെത്തിച്ചത്.

അതേസമയം, സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ചാണ് ഇപ്പോള്‍ ഡിപിസിസി പ്രസിഡന്റ് അനില്‍ ചൗധരിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചൗധരിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടിയേറ്റ തൊഴിലാളികളെ വാഹനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതായും പൊലീസ് ആരോപിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആരും മുഖംമൂടി ധരിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.