ജാമിഅയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വിഷവാതകം പ്രയോഗിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ സമരം ചെയ്യുന്ന ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വിഷവാതകം പ്രയോഗിച്ച് ഡല്‍ഹി പൊലീസ്. ഇന്നലെ വൈകുന്നേരത്തോടെയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചതും വിഷവാതകം പ്രയോഗിച്ചതും. പരിക്കേറ്റ 30വിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കു നേരെ പ്രയോഗിച്ചത് കുരുമുളക് സ്‌പ്രേയല്ലെന്നാണ് പരിക്കേറ്റവരെ പരിശോധിച്ച ഡോ അസീം പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് നെഞ്ചുവേദനയും വയറുവേദനയും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ ചില വിദ്യാര്‍ത്ഥിനികളെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റത്.

ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലാത്തി കൊണ്ട് മാറിടത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ ബുര്‍ഖ ബലമായി മാറ്റിയ ശേഷമാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറയുന്നു. ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്.

SHARE