ഡല്‍ഹിയില്‍ ആംആദ്മി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: ലക്ഷ്യം എംഎല്‍എ ആയിരുന്നില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവ് ആയിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകനെ ലക്ഷ്യം വെച്ച് തന്നെയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നും അഡീഷണല്‍ ഡി.സി.പി ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

നരേഷ് യാദവും പ്രവര്‍ത്തകരും വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ ശേഷം ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരവേയായിരുന്നു വെടിവെപ്പുണ്ടായത്. നരേഷ് യാദവിന് സമീപത്തായി നിന്ന പാര്‍ട്ടി വളണ്ടിയര്‍ക്കായിരുന്നു വെടിയേറ്റത്. നരേഷ് യാദവിനെയാണ് അക്രമികള്‍ ഉന്നംവെച്ചതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.എന്നാല്‍ നരേഷ് യാദവ് അല്ല അവരുടെ ടാര്‍ഗറ്റ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഡി.സി.പി പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിക്ക് നേരെ തന്നെയാണ് അവര്‍ വെടിയുതിര്‍ത്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അക്രമത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

നാല് റൗണ്ട് വെടിവെപ്പാണ് ഉണ്ടായതെന്ന് എംഎല്‍എ നരേഷ് യാദവ് എന്‍ഐയോട് പ്രതികരിച്ചു. ഈ സംഭവം നിര്‍ഭാഗ്യകരമാണ്. എല്ലാ പെട്ടെന്ന് സംഭവിക്കുകയായിരുന്നു. അതിന് പിന്നിലെ കാരണം എന്തെന്ന് അറിയില്ല. വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടാവുകയായിരുന്നു. പൊലീസ് കൃത്യമായി അന്വേഷണം നടത്തുമെന്ന് അക്രമികളെ പിടികൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE