ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച നേഴ്‌സിന് മരുന്നും ഭക്ഷണവുമില്ല; ദുരിതം പങ്കുവെച്ച് സ്മിത

മറുനാട്ടില്‍ കഴിയുന്ന നേഴ്‌സുമാരുടെ ജീവിതം കണ്ണീര്‍ക്കഥയാവുന്ന വിവരം ഇതിനുമുമ്പും ചര്‍ച്ച ചെയ്തതാണ്. കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നേഴ്‌സുമാരുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാാണ്. മയാാളികളായ നേഴ്‌സുമാര്‍ക്ക് പലയിടങ്ങളിലും കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടവിധം ചികിത്സ പലര്‍ക്കും ലഭിക്കുന്നുമില്ല. ഡല്‍ഹിയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ബുദ്ധിമുട്ടുകള്‍ ഏറെ വാര്‍ത്തയായതാണ്. ഡല്‍ഹിയില്‍ കോവിഡ് ചികിത്സയിലുള്ള നഴ്‌സ് പത്തനംതിട്ട കോന്നി സ്വദേശി സ്മിത തന്റെ ദുരനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇപ്പോഴുമില്ല.

‘കൃത്യമായി ഭക്ഷണം തരാനോ പരിശോധന നടത്താനോ ആരുമില്ലെന്ന് സ്മിത പറയുന്നു. എന്റെ 2 മക്കളുടെ പരിശോധന നടത്തണമെന്ന അഭ്യര്‍ഥനയും ആരും കേള്‍ക്കുന്നില്ല. ആശുപത്രിയിലെ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു ഞങ്ങളുടെയും പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി രോഗമുണ്ടെന്നു ഫലമെത്തി. രാജീവ് ഗാന്ധി ആശുപത്രിയിലെ ഡോക്ടറാണ് ഫോണില്‍ വിളിച്ച് അഡ്മിറ്റ് ആകാന്‍ നിര്‍ദേശിച്ചത്.

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താന്‍ വാഹനമില്ലെന്നും പറഞ്ഞപ്പോള്‍ 102ല്‍ ആംബുലന്‍സ് വിളിക്കാനായിരുന്നു മറുപടി. മറ്റു വഴിയില്ലാതെ വന്നപ്പോള്‍ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്. രാത്രി 11 മണിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി ആശുപത്രിയിലെത്തിയപ്പോള്‍ കിടക്ക പോലും ഒരുക്കിയിരുന്നില്ല. ഞങ്ങള്‍ക്കു വേണ്ടി ഒരു വാര്‍ഡ് ഒരുക്കാന്‍ ഒന്നര മണിക്കൂറോളം കാത്തിരുന്നു. കുട്ടികളുണ്ടെന്നും പ്രത്യേകം മുറി അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം മാര്‍ഗമില്ലെന്നായിരുന്നു നിലപാട്.

മറ്റു രോഗികള്‍ക്കും എന്റെ കുട്ടികള്‍ക്കുമൊപ്പം ഈ വാര്‍ഡിലാണ് ഇപ്പോള്‍ കഴിയുന്നത്. വാര്‍ഡില്‍ ഇപ്പോള്‍ തന്നെ 9 പേരുണ്ട്. ഇതില്‍ 6 പേര്‍ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്സുമാര്‍ തന്നെ. വാഹനസൗകര്യം ഒരുക്കാത്തതിനാല്‍ നടന്ന് ആശുപത്രിയിലെത്തിയവര്‍ വരെയുണ്ട്. ഇവിടെയെത്തി 24 മണിക്കൂറോളമായെങ്കിലും ഒരു ഡോക്ടര്‍ പോലും ഇതുവരെ എത്തിയിട്ടില്ല. തലവേദനയും ജലദോഷവുമുണ്ടെന്നു പലതവണ പറഞ്ഞ ശേഷമാണു അല്‍പം ആശ്വാസത്തിനുള്ള മരുന്നു ലഭിച്ചത്.

ഇന്നലെ ഉച്ചഭക്ഷണം ലഭിച്ചത് 3 മണിക്കു ശേഷം. എന്റെ കാര്യം പോട്ടെ, കുട്ടികള്‍ക്കെങ്കിലും കൃത്യമായി ഭക്ഷണം ലഭിക്കേണ്ടേ? എന്താണു ചെയ്യേണ്ടതെന്ന് എത്തുംപിടിയുമില്ല. പരാതിപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ ?’-സ്മിത പറയുന്നു. മറുനാട്ടില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശങ്ക പങ്കുവെച്ചിരുന്നു. അവരുടെ കാര്യത്തില്‍ അസ്വസ്ഥനാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

SHARE