സമരത്തിനിടെ നിസ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍; സംരക്ഷണ വലയം തീര്‍ത്ത് ഇതരമതസ്ഥരായ സുഹൃത്തുക്കള്‍ (വീഡിയോ)

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയ നേതാക്കളുടേയും പിന്തുണ. രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിന് തുടക്കമിട്ട ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രക്ഷോഭപാതയിലാണ്. ചെങ്കോട്ടയില്‍ നിന്ന് ഷഹീദ് പാര്‍ക്കിലേക്ക് നടത്താന്‍ ഉദ്ദേശിച്ചിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പ്രതിഷേധ മാര്‍ച്ചിനിടെ നിസ്‌കരിക്കുന്ന മുസ്ലീങ്ങള്‍ക്ക് ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണം ഒരുക്കിയ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

പ്രതിഷേധ മാര്‍ച്ചിനിടെ റോഡിലാണ് മുസ്ലീങ്ങള്‍ നിസ്‌കരിക്കുന്നത്. ഇവര്‍ക്ക് സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ഒരുക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇവര്‍ക്ക് ചുറ്റും ഇതരമതസ്ഥര്‍ സംരക്ഷണവലയം തീര്‍ത്തിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഐശ്വര്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇടതുപാര്‍ട്ടികള്‍ രാജ്യതലസ്ഥാനത്ത് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്താനെത്തിയ ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, നീലോല്‍പ്പല്‍ ബസു, ഡി രാജ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

SHARE