പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെഡല്ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ക്യാമ്പസിലെ നിയമ വിദ്യാര്‍ഥിനി അനുഘ്യ. ഞാന്‍ ഒരു മുസ്ലിംമല്ല എന്നിട്ടും ആദ്യദിനം മുതല്‍ ഈനിമിഷം വരെ ഞാനീ സമരത്തിന്റെ മുന്‍നിരയിലുണ്ട്. കാരണം, വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഡല്‍ഹിയിലെ എന്റെ സര്‍വകലാശാലയില്‍ സംഭവിച്ചതെന്താണ്. പോലീസ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട്, റാഞ്ചി സ്വദേശിയായ അനുഘ്യ മാധ്യമങ്ങളോട് പറഞ്ഞു.
അനുഘ്യയുടെ വാക്കുകള്‍ ഇങ്ങനെ….
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായൊരു ഇടമാണ് ഡല്‍ഹിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ പഠിക്കുന്ന ഈ യൂണിവേഴ്സിറ്റിയും അ്്ത്തരത്തില് സുരക്ഷിതമാണെന്ന് ഞാന്‍ കരുതി. പക്ഷേ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്. ഭരണഘടയില്‍ പറയുന്നത് എന്തെങ്കിലും ഇവിടെ അവശേഷിക്കുന്നുണ്ടോ. ഇതൊരു സെന്റട്രല്‍ യൂണിവേഴ്സിറ്റിയാണ്. നിങ്ങള്‍ കണ്ടില്ലേ പോലീസ് ക്യാമ്പസില്‍ നടത്തിയ അക്രമം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലില്‍ പൊലീസ് അതിക്രമിച്ചു കടന്നു. ജീവന് രക്ഷിക്കാന്‍ വേണ്ടി ഞങ്ങള്‍ ചിതറി ഓടുകയായിരുന്നു. ഇതാണോ നമ്മുടെ ജനാധിപത്യം
ഞാനൊരു നിയമവിദ്യാര്‍ത്ഥിനിയാണ്. ഇന്ന് ഭരണഘടനാ വിഷയത്തില്‍ ഞങ്ങള്‍ക്ക് പരീക്ഷ നടക്കേണ്ടതായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ ഞങ്ങള്‍ ഇരുന്നു കരയുകയായിരുന്നു. ഈ രാജ്യത്തൊരിടവും സുരക്ഷിതമാണെന്ന് ഞാനിപ്പോള്‍ കരുതുന്നില്ല. എവിടെപ്പോയാലും പോലീസിനാല്‍ ഞാനും ആക്രമിക്കപ്പെട്ടേക്കാം. എനിക്കറിയില്ല നാളെ എന്റെ സുഹൃത്തുക്കള്‍ ഇന്ത്യക്കാരായിരിക്കുമോയെന്ന്..
ഞങ്ങള്‍ ലൈബ്രറിയിലായിരിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. സാഹചര്യം മോശമായികൊണ്ടിരിക്കുകയാണെന്ന് സുപ്പീരിയര്‍ ഞങ്ങളെ ഫോണ്‍ ചെയ്ത് അറിയിച്ചു. ഞാന്‍ ലൈബ്രറി വിട്ട് പുറത്തേക്ക് പോകാന്‍ തുടങ്ങുമ്പോഴേക്കും നിരവധി വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയിലേക്ക് ഓടിയെത്തി. 30 മിനിട്ടിനുള്ളില്‍ ലൈബ്രറി നിറഞ്ഞു.
പെട്ടെന്ന് വലിയ ശബ്ദത്തോടെ ജനലുകള്‍ വിറച്ചു. അടുത്തുനിന്നിരുന്ന ആണ്‍കുട്ടികള്‍ ചിലര്‍ ചോരയില്‍ കുളിച്ചുനില്ക്കുന്നു. ചില പോലീസുകാര്‍ ലൈബ്രറിയിലേക്ക് വന്ന് ഞങ്ങളെ ചീത്ത വിളിക്കാന്‍ തുടങ്ങി. മോശമായ പല വാക്കുകളും ഞങ്ങള്‍ക്ക് നേരെ പ്രയോഗിച്ചു. ലൈബ്രറി വിട്ട് പുറത്തുപോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ അബോധാവസ്ഥയില്‍ നിരവധി ആണ്‍കുട്ടികള്‍ ചോരയില്‍ കുളിച്ച് റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ഞാന്‍ കണ്ടു. ആക്രമിക്കപ്പെടാതിരിക്കാന്‍ കൈകള്‍ ഉയര്‍ത്തിയാണ് ഞാന്‍ ഹോസ്റ്റലിലേക്ക് നടന്നത്. ഹോസ്റ്റലില്‍ എത്തി കുറച്ചുകഴിഞ്ഞപ്പോള്‍ വനിതാ പോലീസുകാര്‍ ഞങ്ങളെ തല്ലാന്‍ ഹോസ്റ്റലിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞു. ഇത് കേട്ട് ഭയന്ന ഞാന്‍ ഹോസ്റ്റലിന് സമീപത്തെ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്നു. കുറെ കഴിഞ്ഞ് ഞാന്‍ ഹോസ്റ്റലിലേക്ക് വീണ്ടും തിരികെയെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു നില്ക്കുന്ന ആണ്‍കുട്ടികളെയാണ്.
താനടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകുകയാണെന്നും അവള് വ്യക്തമാക്കി. നിരവധി ദേശീയ മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് പെണ്‍കുട്ടി യൂണിവേഴ്സിറ്റിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിച്ചത്.