ഡല്‍ഹി ജുമാ മസ്ജിദ് ഇമാം പ്രധാനമന്ത്രിയോട് : ‘മുസ്‌ലിംകള്‍ ഉത്തര്‍പ്രദേശില്‍ കഴിയുന്നത് ഭീതിയോടെ’

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ കഴിയുന്നത് ഭീതിയോടെയെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. യു.പിയിലെ ഭീതിദമായ ചുറ്റുപാടുകളെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇമാം സയ്യിദ് ബുഖാരി ആശങ്കകള്‍ അറിയിച്ചത്.

യു.പിയിലെ ചരിത്ര വിജയത്തിന് ശേഷം മുസ്‌ലിംകള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് വീണിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായി ഇടപെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജനങ്ങളെ ഭയത്തിന്റെ കീഴില്‍ നിര്‍ത്തിക്കൊണ്ടുളളതല്ല; മറിച്ച് വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആന്റി-റോമിയോ സ്‌ക്വാഡ് രൂപീകരണം, അനധികൃത അറവുശാലാ നിരോധനം തുടങ്ങിയ വിഷയങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് ഡല്‍ഹി ജുമാ മസ്ജിദ് ഇമാമിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള ഒരാളുടെ കത്ത് പ്രധാനമന്ത്രിക്കെത്തുന്നത്.

SHARE