നിയമവ്യവസ്ഥയിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടണം

ജനാധിപത്യമര്യാദയോ, രാജധര്‍മ്മമോ ഡല്‍ഹി ഭരിക്കുന്ന ദിനോസറുകള്‍ക്കില്ല. പാരമ്പര്യത്തെയോ ധാര്‍മ്മികതയെയോ വകവെക്കുന്ന കൂട്ടത്തിലുമല്ല ഇവര്‍. നിലവിലുള്ള പരിമിത ജനാധിപത്യത്തിലും ഇനിയും ശേഷിക്കുന്ന ജുഡീഷ്യറിയോടുള്ള ജനവിശ്വാസത്തിലും അസംതൃപ്തരാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം. ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ജസ്റ്റിസ് എസ്. മുരളീധറിനെ രായ്ക്ക്‌രായ്മാനം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ നടപടി. രാജ്യത്തെ നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടി മാത്രമല്ല ഇത്, കൊല്ലും കൊലയും നടത്തുന്ന സംഘ്പരിവാരത്തിന് നിര്‍ബാധം അത് തുടരാനുള്ള തിട്ടൂരം കൂടി ഈ സ്ഥലംമാറ്റത്തില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്ന ജഡ്ജിമാരെ പറപ്പിക്കുമെന്ന സന്ദേശം രാജ്യത്തെ നിയമ സംവിധാനത്തിന് ഏല്‍പിക്കുന്ന മുറിവ് അപരിഹാര്യമാണ്. നട്ടെല്ലുനിവര്‍ത്തി, നിയമവ്യവസ്ഥയുടെ അന്തസ് കാത്തവരുടെ വംശം കുറ്റിയറ്റ്‌പോയി നിരാശാകാലത്തിലേക്ക് ജുഡീഷ്യറിയെ നയിക്കുന്നതിന് കൂടിയാണ് ഈ കൈവിട്ട കളി.
34 പേര്‍ മരിച്ച ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് വാക്കാല്‍ നിരീക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയത്. നേരം ഇരുട്ടിവെളുക്കാന്‍പോലും കാത്തുനില്‍ക്കാതെ പാതിരാത്രി 11 മണിക്ക് രാഷ്ട്രപതിഭവനില്‍നിന്ന് സ്ഥലംമാറ്റ ഉത്തരവിറങ്ങി. സ്ഥലം മാറ്റപ്പെട്ട പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ എന്ന് ചുമതല ഏല്‍ക്കണമെന്നുപോലും ഉത്തരവിലില്ല. ധൃതിപിടിച്ച് തയാറാക്കുന്നതിനിടെയുണ്ടായ പിഴവ് ജനാധിപത്യത്തിലെ വമ്പന്‍ പിഴവിനുള്ള പലിശ പോലുമാകുന്നില്ല.
കഴിഞ്ഞ 12ന് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് മുരളീധര്‍ ഉള്‍പ്പെടെ മൂന്ന് ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ പുറംലോകത്തെത്തിയത് 19നാണ്. 20ന് ബാര്‍ അസോസിയേഷന്‍ സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് കോടതി ബഹിഷ്‌കരിച്ചു. സ്ഥലംമാറ്റ നടപടി നിയമസംവിധാനത്തിന് പരിക്കേല്‍പിക്കുമെന്നും കൊളീജയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നുമായിരുന്നു അഭിഭാഷകരുടെ ആവശ്യം. കാരണം സ്ഥലം മാറ്റപ്പെട്ട മൂന്ന് ന്യായാധിപന്മാരും തങ്ങളുടെ വിധികളില്‍ സ്ഥൈര്യവും വിശ്വാസ്യതയും കാത്തുസംരക്ഷിച്ചവരായിരുന്നു. നട്ടെല്ലുള്ള ന്യായാധിപന്‍ എന്ന വിശേഷണമാണ് ഡല്‍ഹിയിലെ അഭിഭാഷകര്‍ ജസ്റ്റിസ് മുരളീധറിന് നല്‍കിയിരുന്നത്. ആര്‍.എസ്.എസ് ആചാര്യന്‍ എസ്. ഗുരുമൂര്‍ത്തിക്കെതിരെ അപകീര്‍ത്തി കേസെടുത്ത ധീരന്‍. വിവരാവകാശ പരിധിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വരുമെന്ന് ഉത്തരവിറക്കിയ ന്യാധാധിപന്‍. ഹാഷിംപുര കൂട്ടക്കൊലപാതക കേസില്‍ പ്രൊവിന്‍ഷ്യന്‍ ആന്റ് കോണ്‍സ്റ്റാബുലറിയിലെ 16 ഉദ്യോഗസ്ഥരെ ജീവപര്യന്തം ശിക്ഷിച്ച ഉത്തരവ്. മുംബൈയിലും ഗുജറാത്തിലും കന്ദമല്ലിലും അരങ്ങേറിയ കലാപങ്ങള്‍ വംശഹത്യകള്‍ തന്നെയാണെന്ന് നിരീക്ഷിച്ച ഹാഷിംപുര വിധിന്യായം. സംഘ്പരിവാറിനും കേന്ദ്ര സര്‍ക്കാരിനും ഹിതം തോന്നുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ഉത്തരവുകളും നിരീക്ഷണങ്ങളും. കോളീജിയം ശിപാര്‍ശം ചെയ്ത് 14 ദിവസത്തിന്‌ശേഷം പൊടുന്നനെയുണ്ടായ സ്ഥലംമാറ്റ ഉത്തരവ് വിവാദമാകുന്നതും അതുകൊണ്ടാണ്.
ഡല്‍ഹി കലാപത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളില്‍ മൂന്ന് സിറ്റിങാണ് ജസ്റ്റിസ് മുരളീധര്‍ നടത്തിയത്. ആദ്യ സിറ്റിങില്‍ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം. രണ്ടാം സിറ്റിങില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പ്രദര്‍ശിപ്പിച്ച അസാധാരണ സംഭവം. കേന്ദ്ര സഹ മന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ്‌വര്‍മ എം.പി, അഭയ്‌വര്‍മ എം.എല്‍.എ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിന്‌പൊലീസിന് രൂക്ഷ വിമര്‍ശനം. കേസെടുത്ത് എഫ്.ഐ. ആര്‍ സംബന്ധിച്ച് അറിയിക്കണമെന്നും ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ബെഞ്ചില്‍നിന്നു കേസ് തിരിച്ചുവിളിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ച പുതിയ ബെഞ്ച് കലാപത്തിന് പ്രേരിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും നാലാഴ്ച സമയം നല്‍കിയിട്ടുണ്ട്. എഫ്.ഐ. ആര്‍ ഇനി ഡല്‍ഹി പൊലീസിന് സ്വച്ഛമായി ഇരുന്ന് തയാറാക്കാം.
സംഘര്‍ഷം കലാപത്തിലേക്കും കലാപം വംശഹത്യയിലേക്കും നീണ്ടുപോയ ഡല്‍ഹി കേസിന്റെ ഭാവിയെ സംബന്ധിച്ച് ജസ്റ്റിസ് മുരളീധറിന്റെ അസാന്നിധ്യം നിര്‍ണായകമാണ്. ഇനി ഈ കേസിന്റെ ക്ലൈമാക്‌സ് എല്ലാവര്‍ക്കും ഊഹിക്കാവുന്നതായിമാറുന്നത് നീതിന്യായപീഠത്തിന് ഒട്ടും അലങ്കാരമല്ല. വിദ്വേഷ പ്രസംഗവും തുടര്‍ന്ന് കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചതുമാണ് ഇന്ദ്രപ്രസ്ഥത്തെ സ്ഥിതി കൂടുതല്‍ ഗുരതരമാക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ പൊലീസിന്റെ അനാസ്ഥ തുറന്നുകാട്ടുന്ന ഈ റിപ്പോര്‍ട്ടും ജസ്റ്റിസ് മുരളീധറിന്റെ നിരീക്ഷണങ്ങളും സമാനമാണെന്ന് കാണാം. ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ഡല്‍ഹിയിലെ സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് പൊലീസിന് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില പൊലും പൊലീസ് നല്‍കിയില്ല. റിപ്പോര്‍ട്ടിന്‍മേല്‍ നടപടികള്‍ എടുത്തില്ലെന്ന് മാത്രമല്ല, കലാപം നടത്തിയ സംഘ്പരിവാറിനൊപ്പം കൂടുകയും ചെയ്തു. പൊലീസിന്റെ നിഷ്‌ക്രിയത്വം ആകസ്മികമല്ലെന്ന് വെളിപ്പെടുത്തുന്നതാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം. ഡല്‍ഹി കലാപ കേസ് അദ്ദേഹത്തിന്റെ ബെഞ്ചില്‍നിന്നും തിരിച്ചുവിളിച്ച സാഹചര്യത്തില്‍ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാരിന് നീട്ടിക്കൊണ്ടുപോകാമായിരുന്നു. പ്രത്യേകിച്ചും സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാര്‍ശക്കെതിരെ ഡല്‍ഹി ബാര്‍ അസോസിയേഷന്റെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍. എന്നാല്‍ ഇത്തരമൊരു സുജന മര്യാദയും തങ്ങളില്‍നിന്നുണ്ടാകില്ലെന്ന് കേന്ദ്ര ഭരണകൂടം ആവര്‍ത്തിക്കുകയാണ്. സ്ഥലം മാറ്റാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍മ്മിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണത്തില്‍ നിയമ വ്യവസ്ഥയോടുള്ള ഭരണകൂടത്തിന്റെ കാഴ്ചപ്പാട് പൂര്‍ണമാണ്. ജനാധിപത്യവും മതേതരത്വവും മാത്രമല്ല, നിയമവ്യവസ്ഥതന്നെ പരീക്ഷിക്കപ്പെടുന്ന കാലത്ത് എന്തിലാണ് ഇനി ജനങ്ങളുടെ വിശ്വാസം ശേഷിക്കുക.