ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേസില്‍ വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഡല്‍ഹി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഇന്നലെ കേസെടുക്കാന്‍ ആവശ്യപ്പെട്ട ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിരുന്നു.
കോടതിക്ക് മുന്‍പാകെ എത്തിയ ദൃശ്യങ്ങള്‍ ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്ത് പരാതിക്കാരന്റെ അഭിഭാഷകന്‍ രംഗത്തെത്തി. കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വെടിവയ്ക്കണം എന്ന ആവശ്യവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്ന് അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു കോടതി. കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കില്ല. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.