വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതെന്തുകൊണ്ട്? ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രകോപനപരമായി പ്രസംഗിച്ചതിന് ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ഇവര്‍ നടത്തിയ പ്രസംഗങ്ങള്‍ കോടതിയെ കേള്‍പ്പിച്ചതിന് ശേഷമാണ് കേസെടുക്കാനുള്ള ഉത്തരവുണ്ടായത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകരുതെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞു. കലാപത്തിന്റെ ഉത്ഭവ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടി വേണ്ടത്. ഒരു ശൃംഖല പോലെയാണ് കാര്യങ്ങള്‍ പിന്നീട് പ്രവര്‍ത്തിച്ചതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു.

കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെയും കോടതി വിമര്‍ശിച്ചു. കലാപകാരികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കേസെടുക്കാന്‍ എത്ര വീടുകള്‍ കത്തിച്ചാമ്പലാകണമെന്നും കോടതി ചോദിച്ചു. നഗരം കത്തിതീര്‍ന്നിട്ടാണോ കേസെടുക്കേണ്ടതെന്നും കോടതി ആരാഞ്ഞു.

ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് സദാ ജാഗരൂകരായിരിക്കണമെന്നും കോടതി പറഞ്ഞു. മാത്രമല്ല വിഷയത്തില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

SHARE