ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നടന്ന കബറടക്കചടങ്ങ്

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിച്ചുവെക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആസ്പത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപ ഭൂമിയാക്കി സംഘ്പരിവാര്‍ ആസൂത്രിത വംശഹത്യക്കിടെ കാണാതായ ഹംസ എന്നയാള്‍ക്ക് വേണ്ടി ഭാര്യാ സഹോദരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിര്‍ണ്ണായക നിര്‍ദ്ദേശം.

അതേസമയം, ഹംസയുടെ മൃതദേഹം ഗോകുല്‍ പുരിയിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. ആര്‍എംഎല്‍ ആസ്പത്രിയില്‍ വെച്ച് തിങ്കളാഴ്ച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം അടക്കം ചൂണ്ടിക്കാട്ടി നിരവധി നിരവധി ഹരജികാളാണ് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. കലാപത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടിക പുറത്ത് വിടണമെന്നാവശ്യപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി യില്‍, അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരവും ഹൈക്കോടതി തേടിയിട്ടുണ്ട്.

കലാപത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ല്ലി പൊലീസിന് ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുന്നത് മാര്‍ച്ച് 12 വരെ നീട്ടി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും മാര്‍ച്ച് 12ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കലാപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഡല്‍ഹി പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കലാപവുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും 1820 പേരെ അറസ്റ്റ് ചെയ്‌തെന്നുമാണ് പോലീസ് അറിയിക്കുന്നത്.

അതേസമയം ഏറ്റവും അവസാനമായി പുറത്തു വന്ന കണക്കുകള്‍ പ്രകാരം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. ആസ്പത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണസംഖ്യ ഉയര്‍ന്നത്.