ഗുരുതരാവസ്ഥയിലായിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് പ്ലാസ്മ തെറാപ്പി നടത്തി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് പ്ലാസ്മ തെറാപ്പി നടത്തി. ആരോഗ്യ നിലമോശമായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയെ പ്ലാസ്മ തെറാപ്പിക്കായി ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ശരീരോഷ്മാവില്‍ മാറ്റം ഇപ്പോള്‍ പനിയില്ലെന്നും 24 മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷിക്കുമെന്നും സത്യേന്ദര്‍ ജെയിനിന്റെ ഓഫീസ് വ്യക്തമാക്കി.

ജൂണ്‍ 17നാണ് സത്യേന്ദര്‍ ജെയിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ന്യുമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് മന്ത്രിയുടെ ആരോഗ്യ നിലമോശമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരം. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനിനെ ആദ്യം പ്രവേശിപ്പിച്ചത്.
നിലവില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.

ജൂണ്‍ 16ന് തുടര്‍ച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കോവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ച അതേ ദിവസം ഡല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.