സി.എ.എ വിരുദ്ധ സമരത്തിനെതിരെ പ്രതികരിച്ച സാമൂഹ്യപ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കാന്‍ കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡല്‍ഹി കലാപത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍, ആര്‍.ജെ സയമ, സ്വര ഭാസ്‌കര്‍, അമന്തുല്ല ഖാന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.അക്ക്ബറുദ്ദീന്‍ ഒവൈസിക്കും വാരിസ് പത്താനും എഫ്.ഐ.ആര്‍ ചുമത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന നല്‍കിയ ഹര്‍ജിയിലും കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആരാണ് ധനസഹായം നല്‍കുന്നതെന്ന് കണ്ടെത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും കോടതി നോട്ടീസയച്ചു. ‘ഡല്‍ഹി കലാപത്തിലേക്കു നയിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ആരാണ് ധനസഹായം നല്‍കുന്നത്? ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് അന്വേഷിച്ചു തിരിച്ചറിയണം’ കോടതി പറഞ്ഞു.

ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എ.എക്കെതിരെ സമരം ചെയ്യുന്നവരെ ദേശവിരുദ്ധരാക്കി ഹൈക്കോടതി നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വ്യാഴാഴ്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

SHARE