വെട്ടുകിളികള്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക്; അടിയന്തര യോഗം വിളിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ വെട്ടുകിളികള്‍ കൂട്ടമായെത്തിയതിന് പിന്നാലെ രാജ്യ തലസ്ഥാന നഗരി ഭീതിയില്‍. ഇന്ന് വൈകീട്ടോടെയോ ഞായറാഴ്ച രാവിലെയോടെയോ വെ്ട്ടുകിളികള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. കര്‍ഷകര്‍ക്കും വിളകള്‍ക്കും ഭീഷണിയായി വെട്ടുകിളികള്‍ കൂട്ടമായി ഗുരുഗ്രാമിലൂടെ പറന്നെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

ഡല്‍ഹിക്ക് സമീപ പ്രദേശമായ ഗുരുഗ്രാമിലെ പല പ്രദേശങ്ങളിലും വെട്ടുക്കിളികള്‍ കണ്ടതിനെത്തുടര്‍ന്ന് ഡല്‍ല്ലി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. വികസന സെക്രട്ടറി, ഡിവിഷണല്‍ കമ്മീഷണര്‍, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍, ജില്ലാ മജിസ്ട്രേറ്റ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാധ്യമങ്ങളെ കാണുമെന്നുമാണ് റിപ്പോര്‍ട്ട്.

വെട്ടുക്കിളി ആക്രമണം നേടിട്ട ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, യുപി, എംപി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് സഹായകരമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പ്രദേശവാസികളോട് ജനലുകളും വാതിലുകളും അടച്ചിരിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് വെട്ടുകിളി ആക്രമണം കാരണം കര്‍ഷകര്‍ ദുരിതത്തിലാണ്. എന്നാല്‍ വെട്ടുകിളികള്‍ നഗര പ്രദേശത്തേക്കു കൂടി എത്തിയതോടെ ആളുകള്‍ കൂടുതല്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരുമാസമായി വെട്ടുക്കിളി ആക്രമണമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത വെട്ടുകിളികളാണ് കൂടുതല്‍ അപകടകാരികളെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായം ചെന്ന വെട്ടുകിളികള്‍ കുറഞ്ഞ ദൂരം സഞ്ചരിക്കുമ്പോള്‍ പ്രായം കുറഞ്ഞ കിളികള്‍ ഒരുദിവസം 150 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. വെട്ടുക്കിളികളുടെ ഒരുകൂട്ടം ഏകദേശം ഒരു ദിവസം 35,000 പേര്‍ക്കുള്ള ഭക്ഷണം കഴിക്കുമെന്നാണ് കണക്കുകള്‍.