ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക എന്നിവക്കെതിരേ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. മന്ത്രി ഗോപാല്‍ റായിയാണ് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ചത്. ഡല്‍ഹിയില്‍ ജനസംഖ്യാപട്ടിക നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് റായി പറഞ്ഞു.
നടപ്പാക്കുകയാണെങ്കില്‍ 2010ലെ മാതൃകയിലായിരിക്കണം. പൗരത്വപ്പട്ടികയും ജനസംഖ്യാപട്ടികയും ഒരു ‘പ്രത്യേക വിഭാഗത്തെ’ മാത്രമല്ല ഭൂരിഭാഗം ജനങ്ങളെയും ബാധിക്കും. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടില്ല. ഓരോ വ്യക്തികളുടെയും പൗരത്വത്തെ ചോദ്യംചെയ്യുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം തെളിയിക്കാനായി തന്റെ പക്കല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും അതിന്റെപേരില്‍ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കുമോയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ചോദിച്ചു.
ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപട്ടിക, ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധ എന്നിവയെക്കുറിച്ചു ചര്‍ച്ചചെയ്യാനാണ് ഒരുദിവസത്തേക്ക് സഭ ചേര്‍ന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവും ചര്‍ച്ചയായി. ഇതുസംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിക്കെതിരേ അപകീര്‍ത്തിപ്പരാമര്‍ശം നടത്തിയതിന് ബി.ജെ.പി. എം.എല്‍.എയും മുന്‍ പ്രതിപക്ഷനേതാവുമായ വിജേന്ദര്‍ ഗുപ്തയ്ക്ക് സസ്പെന്ഷന് ലഭിക്കുകയും ചെയ്തു.