ഡല്‍ഹിയില്‍ 1000 രൂപയുടെ മദ്യത്തിന് 1700 രൂപ; കൊറോണ സ്‌പെഷ്യല്‍ വിലയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് മദ്യത്തിന് 70 ശതമാനം ‘ സ്‌പെഷ്യല്‍ കൊറോണ ഫീ’ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രത്യേക നിരക്കില്‍ മദ്യം വില്‍ക്കുന്നത്. ഇതോടെ, ആയിരം രൂപ വരുന്ന മദ്യത്തിന് 1700 രൂപയാണ് ഉപഭോക്താക്കള്‍ നല്‍കിയത്.

മൂന്നാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകള്‍ക്ക് കീഴിലാണ് ഡല്‍ഹിയില്‍ മദ്യഷാപ്പുകള്‍ തുറന്നത്. കോവിഡ് കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള 150 മദ്യഷോപ്പുകളാണ് ഇന്നലെ മുതല്‍ തുറന്നത്.

ഡല്‍ഹി സര്‍ക്കാറിന് പിന്നാലെ ആന്ധ്രയും മദ്യത്തിന് വില കൂട്ടി. 75 ശതമാനം വര്‍ദ്ധനയാണ് ജഗ്മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ വരുത്തിയത്. തിരക്കൊഴിവാക്കാനാണ് വില കുത്തനെ കൂട്ടിയത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ തുറക്കുക.