ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടത്തുന്ന ആസ്പത്രികളിലേയും മറ്റുചില സ്വകാര്യ ആസ്പത്രികളെയും ചികത്സ തലസ്ഥാനത്തെ താമസക്കാര്‍ക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസ് സ്ഥിതി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍ക്കാര്‍ ആസ്പത്രികളില്‍ തലസ്ഥാനവാസികള്‍ക്ക് മാത്രമേ ചികിത്സ നല്‍കൂവെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയത്. തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കിടക്കകളുടെ ലഭ്യത സംബന്ധിച്ച വലിയ വിവാദത്തിനിടയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്ര്‍വാളിന്റെ പുതിയ നിര്‍ദ്ദേശം.
അതേസമയം, നാളെ മുതല്‍ ഡല്‍ഹിലെ എല്ലാ റെസ്റ്റോറന്റുകളും മാളുകളും ആരാധനാലയങ്ങളും തുറക്കുമെന്നും അരവിന്ദ് കെജ്രിവാള്‍പറഞ്ഞു. ഡല്‍ഹിയിലെ ആസ്പത്രികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാല്‍ നിറയുമെന്ന് കരുതിയാണ് ആപ്പ് സര്‍ക്കാറിന്റെ തീരുമാനം.
നേരത്തെ, കോവിഡ് രോഗലക്ഷണവുമായി ആസ്പത്രികളില്‍ എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കുന്നെന്ന വിവാദത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. ചികിത്സതേടി എത്തുന്നവരെ തിരിച്ചയയ്ക്കുന്ന ആസ്പത്രികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. രോഗലക്ഷണവുമായി എത്തുന്നവരെ ചില ആസ്പത്രികള്‍ തിരിച്ചയയ്ക്കുന്നതായി സാമൂഹികമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.