പുത്തൂര്‍ റഹ്മാന്
ഡല്‍ഹി ജനത എ.എ.പിക്കു എഴുപതില്‍ 62 സീറ്റുകള്‍ നല്കി, ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായും ആവനാഴിയിലെ വിഷം പുരട്ടിയ അസ്ത്രങ്ങള്‍ മുഴുവന്‍ പുറത്തെടുത്ത് മുന്നില്‍നിന്ന് നയിച്ചിട്ടും ബി.ജെ.പിയെ എട്ടു സീറ്റില്‍ ഒതുക്കി. കേന്ദ്ര ഭരണ സംവിധാനങ്ങള്‍ മുഴുവനും ഉപയോഗപ്പെടുത്തുകയും ഇരുനൂറിനേറെ എം.പിമാരെ വാര്‍ഡുതോറും നിയമിക്കുകയും ചെയ്തിട്ടും എന്ത്കൊണ്ട് ബി.ജെ.പിയുടെ പത്തി താണു. ശക്തി പോരാഞ്ഞിട്ടോ വിഷം കുറഞ്ഞിട്ടോ അല്ല. ഡല്‍ഹിയിലെ താമസക്കാരായ ഇന്ത്യന്‍ ജനത പോളിങ് ബൂത്തില്‍ വിവേകത്തോടെയും വിവേചന ബുദ്ധിയോടെയും തീരുമാനമെടുത്തു. ഡല്‍ഹി ഇന്ത്യയുടെ ഒരു പരിച്ഛേദമാണ്. നിങ്ങള്‍ പാകിസ്താന്റെ ഭാഗമായ ഷെയിന്ബാഗിനെയാണോ അനുകൂലിക്കുന്നത് അതല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയെയാണോ എന്നതായിരുന്നു എല്ലാ പ്രചാരണ യോഗങ്ങളിലും മുന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ചോദിച്ചത്.
ഹിന്ദു ഹൃദയ സാമ്രാട്ടായി വേഷം കെട്ടിയാടുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതല്‍ താഴോട്ടുള്ള വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും മുഖ്യ പാചകക്കാരെല്ലാം ഡല്‍ഹിയില്‍ വര്‍ഗീയത വിളമ്പാനെത്തി. ഫെബ്രുവരി എട്ടിനു ഡല്‍ഹിയിലെ തെരുവുകളില്‍ അരങ്ങേറുക ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആണെന്നു പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ കപില്‍ ശര്‍മ്മ, സമരക്കാരെല്ലാം ദേശദ്രോഹികളാണെന്നും അവരെ വെടിവെച്ച് കൊല്ലുകയാണു വേണ്ടതെന്നും പ്രസംഗിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ ബലാത്സംഗികളും കൊലപാതകികളും എന്ന് ആക്ഷേപിക്കുകയും അവര്‍ നാളെ ഹിന്ദു സഹോദരിമാരെ ബലാത്സംഗം ചെയ്യുമെന്ന് അധിക്ഷേപം ചൊരിയുകയും ചെയ്ത പര്‍വേഷ് വര്‍മ്മ. ഒന്നിനൊന്നു മെച്ചപ്പെട്ട നിലയില്‍ വെറുപ്പും പകയും മുസ്ലിം വിരോധവുംകൊണ്ട് തെരഞ്ഞെടുപ്പു പ്രചാരണം മലീമസമാക്കിയ ബി.ജെ. പി കണക്കുകൂട്ടിയതുപോലെ ആയില്ല ഡല്‍ഹിയുടെ വിധിയെഴുത്ത്.
എന്തുകൊണ്ട് എ.എ.പിക്കു ഡല്‍ഹിയില്‍ ബി. ജെ.പിയുടെ സംഹാരശക്തിയുള്ള കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നാലോചിക്കുമ്പോള്‍ സദ്ഭരണത്തിനൊപ്പം ജനങ്ങള്‍ നിലകൊണ്ടു എന്നതും കെജ്രിവാളിനും സഹപ്രവര്‍ത്തകര്‍ക്കും വീണ്ടും അവസരം നല്കി എന്നതും കാണാനാകും. ദുര്‍ഭരണം, സദ്ഭരണം അഴിമതി രഹിത രാഷ്ട്രീയം എന്നിവക്കു ഇന്ത്യയിലെ മധ്യവര്‍ത്തി സമൂഹം നല്കിയ വിലകൊണ്ടു കൂടിയാണ് എ.എ.പി തെരഞ്ഞെടുക്കപ്പെട്ടത്. വൈദ്യുതി ചാര്‍ജ്ജ് നേരെ പകുതിയായി കുറയ്ക്കുക, സൗജന്യമായി കുടിവെള്ളം നല്‍കുക, സര്‍ക്കാര്‍ ആസ്പത്രികള്‍ നവീകരിക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക, മുഴുവന്‍ ഔഷധങ്ങളും സര്‍ക്കാര്‍ ആസ്പത്രികളില്‍നിന്നു സൗജന്യമായി ലഭിക്കുക, പൊതുമേഖലയിലെ വിദ്യാഭ്യാസം മികവുറ്റതാക്കുക, സര്‍ക്കാര്‍ സ്കൂളുകള്‍ നവീകരിക്കുക, സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഴിമതി രഹിതമാക്കുക എന്നിങ്ങനെ ആം ആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളില്‍ പലതും ജനഹിതത്തെ സ്വാധീനിച്ചു.
എന്നാല്‍ ഡല്‍ഹി ഭരണം കൂടി കയ്യൊതുക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയുടെ കയ്യില്‍ സദ്ഭരണത്തിന്റെ കെട്ടുകഥ പോലും പറയാനില്ലായിരുന്നു. പകരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പയറ്റിയ വര്‍ഗീയ കാര്‍ഡ് തന്നെയായിരുന്നു മുഖ്യ പ്രചാരണ ആയുധം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെല്ലാം കാറ്റില്‍പറത്തി മുസ്ലിം വിദ്വേഷം പ്രസംഗിച്ചു. ഒരു നിവൃത്തിയും ഇല്ലാതെ ഇലക്ഷന് കമ്മീഷനു വരെ ഇടപെടേണ്ട അവസ്ഥ വന്നു. ബി.ജെ.പിയുടെ താരപ്രചാരകരെ കമ്മീഷന് വിലക്കുന്ന സ്ഥിതി ഉണ്ടായി.
നഗ്നമായ വര്‍ഗീയ പ്രചാരണം നടത്തിയ ബി.ജെ.പി രീതിയെ ആഭ്യന്തരമന്ത്രി അമിത്ഷാ ‘തത്വാധിഷ്ഠിതമായ സമരം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. അപരവിദ്വേഷം ഡല്‍ഹിയില്‍ വിലപ്പോവുമെന്നുതന്നെ അദ്ദേഹവും കൂട്ടരും വിലയിരുത്തി. ആഭ്യന്തരമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഷഹീന്‍ബാഗില്ലാത്ത ഡല്‍ഹി ആണ്. വെറുപ്പിന്റെ പ്രചാരകരുടെ ഈ വാഗ്ദാനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വോട്ട് ബാങ്ക് ഡല്‍ഹിയിലുണ്ട് എന്നവര്‍ കണക്കുകൂട്ടി. എന്നാല്‍ ഇന്ത്യന്‍ ജനതയൊന്നാകെ അത്തരമൊരു വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ തടവിലായിട്ടില്ലെന്ന് ഡല്‍ഹി പഠിപ്പിക്കുന്നു. ഇതു വലിയ പ്രതീക്ഷ തരുന്ന പാഠം തന്നെയാണ്.
ഡല്‍ഹി എന്ന പരീക്ഷണ ശാലയില്‍ മോദി-ഷാ ടീം പരാജയം രുചിച്ചിരിക്കുന്നു. ജനങ്ങള്‍ ഒരു പരിധിക്കപ്പുറം പച്ചയായ വര്‍ഗീയ ധ്രുവീകരണം ഇഷ്ടപ്പെടുന്നില്ല എന്നതുതന്നെ ഒന്നാമത്തെ കാര്യം. കെജ്രിവാള് മുന്നോട്ടുവെച്ച വികസനമോഡലിന്റെ സ്വാധീനം രണ്ടാമത്തെ കാര്യം. തങ്ങളുടെ ക്ഷേമരാഷ്ട്ര സങ്കല്പവും ഭരണ നേട്ടങ്ങളും വോട്ടര്‍മാരില്‍ കൃത്യമായി എത്തിക്കാനും എ.എ.പിക്കു കഴിഞ്ഞു. ഇതിനെല്ലാം പുറമേ സമര്‍ത്ഥരും ഊര്‍ജ്ജസ്വലരും ജനപ്രിയരുമായ ഒരുപറ്റം നേതാക്കള്‍ എ.എ.പിക്കുണ്ട്. അവര്‍ ഒരുമിച്ചു നടത്തുന്ന പ്രയത്നം അടിത്തട്ടില്‍ ജനങ്ങളുമായി ചേര്ന്നുനില്ക്കുന്നു. ഒരുപക്ഷേ, ഈ രണ്ടു കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം എ.എ.പിക്കു ഗുണം ചെയ്യുന്നുണ്ട്.
ഹിന്ദുത്വ വൈകാരിക രാഷ്ട്രീയത്തിന്റെ പുകമറയുണ്ടാക്കി ഇന്ത്യയിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകളെയും തങ്ങളുടെ ഭരണ പരാജയങ്ങളെയും സമര്‍ത്ഥമായി കുഴിച്ചുമൂടുന്ന ബി.ജെ.പിയുടെ വഞ്ചന സാധാരണക്കാരന് വരുത്തുന്ന നഷ്ടം എത്രയെന്ന് ജനക്ഷേമ പ്രയോഗത്തിലൂടെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് എ.എ.പിയുടെ രാഷ്ട്രീയ വിജയം. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ അവര്‍ക്കവരുടെ നല്ല ഭരണം കൊണ്ട് സാധിക്കുകയുമുണ്ടായി. എന്നാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തിന്റെ കാതലായ സംഘ്പരിവാര്‍ അജണ്ടയോട് എ.എ.പിക്ക് കടുത്ത വിയോജിപ്പ് എന്തെങ്കിലും ഉണ്ടെന്നു കരുതുക വയ്യ. ബി.ജെ.പിക്കെതിരായ മുന്നേറ്റം എന്ന നിലക്ക് എ.എ.പി വിജയത്തില്‍ സന്തോഷിക്കുമ്പോള്തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റം എ.എ.പി വഴി രാജ്യത്താരും പ്രതീക്ഷിക്കുന്നില്ല.
സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയത്തിലാണ് എ.എ.പി സ്വയം നിലകൊള്ളുന്നത്. ഇന്ത്യക്ക് ഇപ്പോഴത്തെ ദുരവസ്ഥയില്‍നിന്ന് പുറത്തുകടക്കാന്‍ ഈ രാഷ്ട്രീയ നിലപാട് മതിയാവില്ല. സംഘ്പരിവാര്‍ ആധിപത്യത്തിനെതിരെ കോണ്ഗ്രസ്സിനെപ്പോലെയോ, ബഹുജന്‍ മുന്നേറ്റങ്ങളെയോ പോലെ ഒരു നിലപാട് എ.എ.പിക്കില്ല. കേന്ദ്ര ഭരണകൂടം കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ദുര്‍നിയമങ്ങളെ പിന്തുണച്ച നിലപാടുകള്‍ എ.എ.പി ഇയ്യിടെ പോലും കൈകൊള്ളുകയുണ്ടായി. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുക, ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക തുടങ്ങിയ ഏറെ പ്രാധാന്യമുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങളെ മുന്നില്‍നിന്നു നയിക്കാനും ശേഷിയുള്ള പാര്‍ട്ടിയുമല്ല എ.എ.പി. എങ്കിലും മത ധ്രുവീകരണ അജണ്ട വിലപ്പോവാത്ത ഒരു രാഷ്ട്രീയ മണ്ഡലം ഇന്ത്യ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നു കാണുന്നതാണ് ഡല്‍ഹിയിലെ എ.എ.പിയുടെ വിജയത്തില്‍ ജനാധിപത്യ വിശാസികള്ക്കുള്ള ആഹ്ലാദം.
അയോധ്യാ വിധി, കശ്മീര്‍ നിയന്ത്രണം, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് നടപടികളും കോടതികളുടെ സമീപനവും ഭരണഘടന ദുര്ബലപ്പെട്ടുപോകാവുന്നതും ഹിന്ദുത്വയുടെ സാംസ്കാരിക ദേശീയത ആധിപത്യം ഉറപ്പിക്കുന്നതുമായ ഒരു ഭരണകൂടത്തെ കാണിച്ചു തരുന്നു. എണ്‍പതിലേറെ ഹിന്ദു ഭൂരിപക്ഷമുള്ള ഡല്‍ഹിയില്‍നിന്നും ആ രാഷ്ട്രീയ രൂപത്തിനെതിരെ മുന്നേറ്റം ഉണ്ടാവുന്നത് പ്രത്യാശയുളവാക്കുന്നു.
ഡല്‍ഹിയിലെ നഗര രാഷ്ട്രീയമല്ല, അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറില്‍. ഈ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് ഒന്നിച്ചുനിന്ന് വിശാല ബദല്‍ ഉണ്ടാക്കാനാണ് രാജ്യത്തെ പ്രതിപക്ഷം ശ്രമിക്കേണ്ടത്. ജനദ്രോഹവും ജനക്ഷേമവും തമ്മില്‍ വേര്‍തിരിക്കുന്ന രാഷ്ട്രീയം എ.എ.പിയില്‍നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ പഠിക്കുകയും കോണ്‍ഗ്രസും ബഹുജന്‍ പാര്‍ട്ടികളും ഇടതുപക്ഷവും ഒരുമിക്കുന്ന പ്ലാറ്റ്ഫോമുകളിലേക്ക് എ.എ.പിയുടേതു പോലുള്ള സമര്‍ത്ഥരായ പൊതുപ്രവര്‍ത്തകര്‍ക്ക് ഇടം കിട്ടുകയും വേണം. വിശപ്പും ജീവിത നിലവാരവും ഒരു വശത്തും, വര്‍ഗീയതയും തീവ്രദേശീയതയും മറ്റൊരു വശത്തുമായി നേരിട്ട് ഏറ്റുമുട്ടുകയാണെങ്കില്‍ വര്‍ഗീയത പരാജയപ്പെടും. അഴിമതി രഹിത ജനപക്ഷ ഭരണത്തിന് പല സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വലുതും ചെറുതുമായ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍നിന്നും ധാരാളം പഠിക്കേണ്ടതുണ്ട്.
ഇന്ത്യയെ ഇന്ത്യയാക്കിയ കോണ്‍ഗ്രസിന് ഇനിയും ഈ രാജ്യത്ത് ദൗത്യങ്ങളുണ്ട്. എല്ലാ കാലത്തും വെറുപ്പിലും വിദ്വേഷത്തിലും ജനങ്ങളില്‍ നിന്നൊരു വിഭാഗത്തെ തളച്ചിടാനാവില്ല. വെറുപ്പ് അസ്ഥിരമാണ്. സ്നേഹവും സമാധാനവുമാണ് സ്ഥിരം. സ്ഥിരതയും സുരക്ഷയും ഉള്ള ഒരു രാഷ്ട്രീയ മാറ്റം രാജ്യം ഏറ്റെടുക്കും. ഡല്‍ഹി അത് വിളിച്ചു പറയുന്നു. അതു കേള്‍ക്കാനും സ്വയം മാറാനും ആരൊക്കെ തയ്യാറുണ്ട് എന്നതാണ് ചോദ്യം. വെറുപ്പ് കൊണ്ട് നിത്യേന തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞേക്കാം. അതിനു മുമ്പേ ചില തിരിച്ചറിവുകളിലേക്ക് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.