ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം: ഷഹീന്‍ബാഗില്‍ മുന്നേറി അമാനത്തുള്ളഖാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ മുന്നേറുന്നു. ബി.ജെ.പിയുടെ ബ്രം സിങ്ങും കോണ്‍ഗ്രസിന്റെ പര്‍വേസും ഇവിടെ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി 54 സീറ്റുമായാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി മുന്നേറുന്നത്. 16 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല.

2015 ലെ തെരഞ്ഞെടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ ബ്രം സിങ്ങിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്.

എട്ട് മണിക്കാണ് ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു.