ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജരിവാളും എ.എ.പിയും അത്ഭുതം കുറിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വെട്ടിലാക്കുന്നത് നിരവധി കാര്യങ്ങള്‍. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുന്നത്. ഫലം പുറത്തുവരുമ്പോള്‍ അധികാരത്തിലെത്തുമെന്നായിരുന്നു ബിജെപി നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്, എന്നാല്‍ വോട്ടെണ്ണന്റെ ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ.എ.പി 55 സീറ്റുകളിലും ബിജെപി 15 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.
രാജ്യം ഭരിക്കുന്ന ബിജെപിക്ക് അടുത്ത അഞ്ച് വര്‍ഷവും പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും വന്‍ തിരിച്ചടിയായിരിക്കുകയാണ്. വര്‍ഗീയത കൊണ്ട്മാത്രം വിവാദ നായകനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിനെയും മോദി-ഷാ കൂട്ടുകെട്ടിന്റെ പുതിയ രൂപമായ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെയും ബിജെപി രംഗത്തിറക്കിയിട്ടും വന്‍ തോല്‍വിയാണ് ബിജെപി നേരിടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ദേശീയ നേതാക്കള്‍ ദിവസങ്ങളോളം പ്രചരണ രംഗത്തെത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ തിരിച്ചടികള്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനും രണ്ടു മാസത്തിനുമിടെ ആറാമത്തെ സംസ്ഥാനത്തിലാണ് ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങുന്നത്.ബിജെപിയുടെ കടുത്ത തോല്‍വിക്ക് പ്രധാന കാരണമാകുന്നതില്‍ ഒന്നും അതുതന്നെയാണ്.
മോദി-ഷാ കൂട്ടുകെട്ടിലെ തുടര്‍ച്ചയായ തോല്‍വിയിലും പഠിക്കാതെ ബിജെപി
മോദി സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയെങ്കിലും മോദി-ഷാ കൂട്ടുകെട്ടില്‍ നയിച്ച സമീപ കാല നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി തിരിച്ചടികളാണ് നേരിട്ടത്. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹിന്ദി ഹൃദയഭൂമി കീഴടക്കി മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭകള്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചോളാണ് ബി.ജെ.പി ആദ്യം തോറ്റത്. ഇതില്‍ നിന്നും നിലപാടില്‍ മാറ്റം വരുത്താതെ വര്‍ഗീയ അജണ്ട തുടര്‍ന്ന ബിജെപി 2019 ഒക്ടോബറില്‍ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും അധികാരം നഷ്ടപ്പെടുത്തി. ബിജെപി-ആര്‍എസ്എസ് അജണ്ടക്കെതിരെ ഇവിടെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യമാണ് അധികാരത്തില്‍ വന്നത്. പിന്നാലെ ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തോട് ബിജെപി തോറ്റു. ഇതേ സമയത്തു നടന്ന ഹരിയാന തെരഞ്ഞെടുപ്പിലും ബിജെപി പരാജയം മണത്തു. എന്നാല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാപാര്‍ട്ടിയുടെ സഹായത്തോടെയാണ് അധികാരം നിലനിര്‍ത്തുകയായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ കാല്‍ചുവട്ടിലെ ഡല്‍ഹിയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നഷ്ടമാവുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കശ്മീര്‍-പൗരത്വ നിയമങ്ങളോടുള്ള പ്രതിഷേധം
പൗരത്വ നിയമങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങവെ രാജ്യത്തുടനീളം ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹി തന്നെയായിരുന്നു ഈ പ്രതിഷേധങ്ങളുടെയും കേന്ദ്രം. ഷഹീന്‍ ബാഗിലുള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ കണ്ടുകൊണ്ടാണ് ഡല്‍ഹി ജനത പോളിങ് ബൂത്തിലേക്ക് പോയത്. ഭരണഘടന ഭീഷണി നേരിടുകയാണെന്ന രാജ്യത്തെ പ്രതിപക്ഷത്തിന്റെ ആശങ്ക ജനങ്ങള്‍ക്കിടയിലും പ്രതിഫലിച്ചുവെന്നുവേണം കരുതാന്‍. കൂടാതെ കശ്മീരില്‍ ഇന്റര്‍നെറ്റ് അടക്കം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ തടയുന്ന മോദി സര്‍ക്കാര്‍ നടപടിയും തിരിച്ചടിയാണ്. കശ്മീരികള്‍ കൂടുതല്‍ കഴിയുന്ന ഇടം കൂടിയാണ് ഡല്‍ഹി.
സമരങ്ങളെ നേരിട്ട ഡല്‍ഹി പോലീസ് നടപടികള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്തവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പോലീസ് നേരിട്ട രീതി ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമരത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടികളും രാജ്യ ശ്രദ്ധ നേടി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുണ്ടായ നടപടികളും ജാമിഅ വിദ്യാര്‍തഥികള്‍ക്കും ഷഹീന്‍ ബാഗിനുമെതിരെ വര്‍ഗീയ വാദികള്‍ വെടിവച്ചെതും തിരിച്ചടിയാണ്. ഡല്‍ഹി ക്യാമ്പസുകളിലെ പൊലീസ് നരനായാട്ടും ബസ് കത്തിക്കല്‍ വിവാദവുമെല്ലാം തെരഞ്ഞെടുപ്പിനെയും സ്വാധീനിച്ചെന്നുവേണം കരുതാന്‍.
ബിജെപി നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപി നേതാക്കളും എംപിമാരും നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ആം ആദ്മിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കെതിരെയും ഷഹീന്‍ ബാഗിലും ജാമിയ, ജെഎന്‍യു തുടങ്ങിയ കലാലയങ്ങളിലും നടക്കുന്ന സമരങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ബിജെപി നേതാക്കള്‍ വിമര്‍ശിച്ചത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ വെടിവെക്കല്‍ ആഹ്വാനവും പര്‍വേഷ് വര്‍മയുടെ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഇതിനു പിന്നാലെ നടന്ന ആക്രമണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുമെല്ലാം വോട്ടര്‍മാരില്‍ സ്വാധീനം ചെലിത്തിയെന്നു വേണം കരുതാന്‍.
ആം ആദ്മി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഇടപെടലും
ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആം ആദ്മി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനകീയ കാര്യങ്ങളിലെ സര്‍ക്കാറിന്റെ ഇടപെടലുകളും ജനം സ്വീകരിച്ചെന്നുവേണം കരുതാന്‍. വികസനം പറഞ്ഞ് ആപ്പ് പ്രചാരത്തിനങ്ങിയപ്പോള്‍ വര്‍ഗീയതയും വിഭാഗീയതയും
കുത്തിവെക്കുന്ന പരാമര്‍ശങ്ങളുമായാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രചാരത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെങ്കില്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന കെജ്രിവാളിന്റെ വാക്കുകള്‍ വോട്ടര്‍മാരില്‍ ആവേശം സൃഷ്ടിച്ചിരുന്നു. ബിജെപി പ്രചരണ വിഷയമാക്കി മാറ്റിയ ഷഹീന്‍ബാഗ് അടക്കമുള്ള വിവാദങ്ങളിലെല്ലാം മറുപടിയുമായി കെജ്രിവാളും സംഘവും രംഗത്തെത്തിയിരുന്നു.
ബി.ജെ.പിക്ക് തിരിച്ചടിയായ അരവിന്ദ് കെജരിവാള്‍ ഉയര്‍ത്തിയ സമാന ചോദ്യം
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപി ഉയര്‍ത്തിയ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരാണെന്ന അതേ ചോദ്യവുമായാണ് കെജരിവാള്‍ രംഗത്തെത്തിയത്. ഡല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരാണെന്ന കെജിവാളിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അധികാരം നേടിയാല്‍ ആരെയാകും മുഖ്യമന്ത്രിയാക്കുകയെന്ന് ജനങ്ങള്‍ക്കറിയണമെന്ന് പരസ്യ പ്രചരണത്തിന്റെ അവസാന ദിവസത്തില്‍ പോലും കെജിരിവാള്‍ ചോദിച്ച് കൊണ്ടിരുന്നു. ഈ ചോദ്യവും ആപ്പ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരുടെ മനസിലും പ്രതിഫലിച്ചു എന്ന് വേണം കരുതാന്‍.