ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങളില്‍ അടിപതറിയെന്ന് സമ്മതിച്ച് ബിജെപി. ബിജെപിയുടെ ഡല്‍ഹി ഓഫീസിന് മുന്നില്‍ പുതിയ ബോര്‍ഡ് ഉയര്‍ത്തിയാണ് പാര്‍ട്ടി തോല്‍വി ഉറപ്പിച്ചിരിക്കുന്നത്. തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാവില്ലെന്ന് ബിജെപി പുതിയ ബോര്‍ഡില്‍ എഴുതി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കവെയാണ് പുതിയ ബോര്‍ഡിലെ വാക്കുകള്‍ പ്രസക്തമാകുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രത്തിനൊപ്പം തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാകില്ല എന്ന വാചകമാണ് ബിജെപി ചേര്‍ത്തിരിക്കുന്നത്.’വിജയത്തില്‍ ഞങ്ങള്‍ അഹങ്കരിച്ചിട്ടില്ല. തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാവുകയുമില്ല’ എന്നാണ് ബിജെപി പോസ്റ്ററിലെ വാചകങ്ങള്‍. ഇത് രാജ്യ തലസ്ഥാനത്ത് ബിജെപി തങ്ങളുടെ തോല്‍വി അംഗീകരിച്ചിരിക്കുയാണെന്ന സൂചനയാണെന്ന് വിലയിരുത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തിയും ഷഹീന്‍ബാഗ് ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചും പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്തുമായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. എന്നാല്‍ ജനങ്ങള്‍ ബിജെപിയെ വീണ്ടും കൈവിട്ടു എന്ന് തെളിയിക്കുന്നതാണ് ഫല സൂചനകള്‍.
അതേസമയം, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തിന് പ്രാധാന്യമുണ്ടെന്നും ഇത് ഭാരതീയ ജനതാ പാര്‍ട്ടിക്കും അതിന്റെ വര്‍ഗീയ അജണ്ടയ്ക്കുമേറ്റ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് എംപി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു. കോണ്‍ഗ്രസിനേറ്റ പരാജയം ഒരു നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ചൗധരി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയിരുന്നു. കെജ്‌രിവാള്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ പേരിലാണ് വോട്ട് ചോദിച്ചത്. സ്‌കൂളുകളുടെ നിലവാരം, പൊതുജനാരോഗ്യ സൗകര്യം, വൈദ്യുതി, ജലവിതരണം എന്നിവയാണ് അദ്ദേഹം ഉന്നിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം ബിജെപി എല്ലാ വര്‍ഗീയ അജണ്ടകളും ഇറക്കിയാണ് തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയത്. എന്നാല്‍ കെജരിവാള്‍ വികസന അജണ്ടകളാണ് പ്രഖ്യാപിച്ചത്. കെജരിവാള്‍ വിജയിച്ചാല്‍, അത് വികസനത്തിന്റെ വിജയമാണെന്നും ചൗധരി പറഞ്ഞു.
കെജരിവാളിനെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ ബിജെപിക്ക് അവസരമൊരുക്കേണ്ടെന്ന തീരുമാനവും കോണ്‍ഗ്രസ് എടുത്തതായാണ് വിവരം. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം വിട്ടുവീഴ്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ് തുള്‍സിയും പറഞ്ഞിരുന്നു. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ കോണ്‍ഗ്രസ് ചില ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുള്‍സി പറഞ്ഞു. നേരത്തെ വേണ്ടി വന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കുമെന്ന് പിസി ചാക്കോയും പറഞ്ഞിരുന്നു.