ഡല്‍ഹി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ പ്രിയങ്കാ ഗാന്ധിക്ക് സാധിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് പ്രചരണ സമിതി വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും റാലികളില്‍ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നില്‍ നിന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും പ്രിയങ്ക രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍, അക്രമത്തില്‍ കൊല്ലപ്പെട്ടവരോ പരുക്കേറ്റവരോ ആയവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അവര്‍ അടുത്തിടെ മീററ്റ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സദാഫ് ജാഫറിന്റെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആര്‍ ദാരാപുരിയുടെയും കുടുംബാംഗങ്ങളെ അവര്‍ സന്ദര്‍ശിച്ചിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വം. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.