ഡല്‍ഹി തെരഞ്ഞെടുപ്പ്; ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിജയം

കെ.ബി.എ കരീം

രാജ്യം മുഴുവന്‍ അരവിന്ദ് കെജരിവാള്‍ എന്ന മഹാമനുഷ്യനും ആംആദ്മി പാര്‍ട്ടിക്കും നന്ദി പറയുകയാണ്. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിവേകത്തോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും വിനിയോഗിച്ചത് വഴി രാജ്യത്തിന്റെ ആത്മാവിനെയാണ് അവര്‍ സംരക്ഷിച്ചിരിക്കുന്നത്. ദേശ സ്‌നേഹത്തിന്റെയും ദേശഭക്തിയുടെയും വിജയമെന്നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ അതി ഗംഭീരവിജയത്തെക്കുറിച്ച് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചിരിക്കുന്നത്. രാജ്യം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയകരങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കെ രാജ്യത്തിനുവേണ്ടി കെജരിവാളും ആംആദ്മി പാര്‍ട്ടിയും നേടിയ വിജയം ഇന്ത്യയുടെ മൊത്തം ജനാധിപത്യത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലും പൗരത്വ രജിസ്റ്ററിന്റെ പേരിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരിലും വര്‍ഗീയ ധ്രുവീകരണം നടത്തികൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകക്ഷിക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ലഭിക്കാനില്ല. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ കെജരിവാളിന്റെ വിജയം രാജ്യത്തുടനീളമുള്ള ജനാധിപത്യ വിശ്വാസികള്‍ കൊണ്ടാടുകയാണ്.
നാട്ടിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പം നിന്നതിന് ജനങ്ങള്‍ നല്‍കിയതാണ് എഴുപതില്‍ 62 സീറ്റും നേടിയ മഹാവിജയം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതിന്റെ വിജയമാണിതെന്നാണ് മഹാവിജയത്തിനുശേഷം ആദ്യമായി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ കെജരിവാള്‍ പറഞ്ഞത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് കുത്തകവല്‍ക്കരണ സര്‍ക്കാരിന് ബദലായി ഡല്‍ഹിയില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നേടിയ വിജയമാണിതെന്ന് നിസംശയം പറയാം. ജനങ്ങളോടൊപ്പം നിന്നാല്‍ അതിന് ഫലമുണ്ടാകുമെന്ന രാജ്യത്തോടുള്ള പ്രഖ്യാപനം കൂടിയായി മാറിയിരിക്കുകയാണ് ഈ വിജയം. ആരോഗ്യമേഖലക്കും വിദ്യാഭ്യാസ മേഖലക്കും ഊന്നല്‍ നല്‍കി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തപ്പോള്‍ സൗജന്യം നല്‍കി വോട്ട് വാങ്ങാന്‍ ശ്രമിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിന് സമാനമായ തന്ത്രമാണ് കെജരിവാള്‍ പയറ്റുന്നതെന്ന് കളിയാക്കിയ ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ മൂക്കത്തുവിരല്‍ വെക്കുകയാണ്.
ആരോഗ്യമേഖലക്ക് 7500 കോടി ബജറ്റില്‍ വകയിരുത്തിയ കെജരിവാള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി സൗജന്യങ്ങളും നല്‍കിയിരുന്നു. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യനിരക്കിലാക്കിയതും ഇരുപതിനായിരം ലിറ്റര്‍ ശുദ്ധജലം ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി നല്‍കിയതും ഇതില്‍ ചിലതാണ്. വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന 15600 കോടിയുടെ വികസനവും ചേരികള്‍ക്കായി 10000 ശുചിമുറികള്‍ സ്ഥാപിച്ചതും പാവപ്പെട്ടവരുടെ ചികിത്സക്കായി ആയിരം കഌനിക്കുകള്‍ സ്ഥാപിച്ചതും വനിതകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയതും കെജരിവാളിന്റെയും ആംആദ്മി പാര്‍ട്ടികളുടെയും മഹാവിജയത്തില്‍ ചുക്കാന്‍പിടിച്ച ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ വഴി ജനമനസില്‍ അതുല്യസ്ഥാനം നേടിയ അരവിന്ദ് കെജരിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രഭരണത്തിന്റെ സ്വാധീനത്താല്‍ ബി.ജെ.പിയും ആര്‍.എസ്.എസും പരമാവധി ശ്രമിച്ചിരുന്നു. യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെ ഇറക്കി കെജരിവാളിനെ വ്യക്തിപരമായി തേജോവധം ചെയ്യാനും ഷഹീന്‍ബാഗിലെ പ്രക്ഷോഭംവെച്ച് മുതലെടുക്കാന്‍ ശ്രമിച്ചതും ജനം കണ്ടതാണ്. ഡല്‍ഹിക്ക് തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസന കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വര്‍ഗീയതയും ആക്രമണവും പരമാവധി പൊലിപ്പിച്ചാണ് ബി.ജെ.പി ഡല്‍ഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതുകൊണ്ട് മാത്രമാണ് 2012 നവംബര്‍ 26ന് രൂപംകൊണ്ട ആംആദ്മി പാര്‍ട്ടിക്ക് തുടര്‍ച്ചയായ മൂന്നാംതവണയും രാജ്യതലസ്ഥാനത്ത് ഭരണം നിലനിര്‍ത്താനായത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഊന്നിയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കെജരിവാളിന് ജനമനസുകളില്‍ ഇടംനേടി കൊടുത്തത്. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിനൊപ്പം ഉപരിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും ഗുണകരമാകുന്ന പദ്ധതികളും കൊണ്ടുവന്നു. ഒരു പാവപ്പെട്ടവന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചപ്പോള്‍ അത് പുനസ്ഥാപിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അരവിന്ദ് കെജരിവാള്‍ ഡല്‍ഹി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അന്നുമുതല്‍ മൂന്നാംതവണയും ജനവിധിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വേലിയേറ്റംതന്നെ ഉണ്ടായിരുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ആം ആദ്മിയുടെയും കെജരിവാളിന്റെയും വിജയം ജനാധിപത്യത്തിന്റെ ശക്തിയും സ്രോതസുമാണ് വിളംബരം ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടി ആംആദ്മി അധികാരത്തിലേറിയപ്പോള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പറ്റിയ അബദ്ധം എന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും രാഷ്്ട്രീയ നിരീക്ഷകരും പ്രതികരിച്ചത്. എന്നാല്‍ കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് ബദല്‍വഴികളിലൂടെ ഡല്‍ഹിയുടെ മുഖച്ഛായമാറ്റി എല്ലാവിഭാഗം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തികൊണ്ടാണ് കെജരിവാള്‍ 2020ല്‍ വീണ്ടും മിന്നുന്ന ജയത്തോടെ ഡല്‍ഹിയുടെ ഭരണാധികാരിയാവുന്നത്. കെജരിവാളിനെതിരെ ബി.ജെ.പി രാഷ്ട്രീയ ആരോപണങ്ങളില്‍കൂടി മാത്രമല്ല, പലപ്പോഴും കായികമായി ആക്രമിക്കുന്നതും ജനങ്ങള്‍ കണ്ടു. പക്ഷേ, ഇതിലൊന്നും പതറാതെ ജനങ്ങളോട് ചേര്‍ന്നുനിന്നതോടെ കെജരിവാളിനെ ജനം നെഞ്ചിലേറ്റുന്നതാണ് വര്‍ത്തമാന ഇന്ത്യ കാണുന്നത്. എന്തൊക്കെ വര്‍ഗീയ കലാപങ്ങളുണ്ടാക്കിയാലും ഇന്ത്യയുടെ മനസെന്നത് മതേതരമാണെന്നും കെജരിവാളിന്റെ വിജയം കാണിച്ചുതരുന്നു.
വര്‍ഗീയ ധ്രുവീകരണത്തിലൂടെയല്ല, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും പാവങ്ങളുടെ ഉന്നമനത്തിലൂടെയുമാണ് രാഷ്ട്രനിര്‍മാണം സാധ്യമാക്കേണ്ടതെന്ന പാഠമാണ് ഡല്‍ഹിയിലെ ആംആദ്മിയുടെ മഹാവിജയം രാജ്യത്തിന് നല്‍കുന്നത്.

SHARE