ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിലെ (സിആര്‍പിഎഫ്) ജവാന്മാര് തമ്മില്‍ വെടിവെച്ച് മരിച്ചു. ലോധി എസ്റ്റേറ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ച ബംഗ്ലാവിലാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി 10:30നാണ് സംഭവം നടക്കുന്നത്. വെടിയൊച്ച കേട്ട പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്ത് കിടക്കുകയായിരുന്ന രണ്ട് സിആര്‍പിഎഫ് ജവാന്മാര് മരിച്ചിരുന്നു. ജവാന്മാര് തമ്മില്‍ തര്‍ക്കം വെടിവെപ്പില്‍ അവസാനിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
സബ് ഇന്‍സ്പെക്റ്റര്‍ കര്‍ണൈല്‍ സിങ്ങും ഇന്‍സ്പെക്ടര്‍ ദശരഥ് സിംഗുമാണ് കൊല്ലപ്പെട്ടത്. സബ് ഇന്‍സ്പെക്ടര്‍ ജമ്മു കാശ്മീരില്‍ ഉധംപൂര്‍ സ്വദേശിയും ഇന്‍പെക്ടര്‍ ഹരിയാനയിലെ റോഹ്തക് സ്വദേശിയുമാണ്.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും എന്താണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ കലാശിച്ചതെന്ന് വ്യക്തമായിട്ടിട്ടില്ലെന്നും സിആര്‍പിഎഫ് വക്താവ് എം ദിനകരന് അറിയിച്ചു.