ഡല്‍ഹിയില്‍ കോവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സര്‍വകലാശാലയിലെ ബീഹാര്‍, യു പി സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി താമസിക്കുന്നവരില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഡോ. മഹേഷ് വെര്‍മ്മ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചുരുക്കിയത്. സര്‍ക്കാര്‍ സ്വകാര്യമേഖലകളിലുള്ള 150 ഓളം ആശുപത്രികളിലാണ് നിയന്ത്രണം. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബാധകമല്ല. എന്നാല്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ രോഗികളുടെ തിരക്ക് ഒഴിവാക്കാനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്.

SHARE