ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി കുടി കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീനിവാസ്പുരിയില്‍ താമസിക്കുന്ന പി ഡി. വര്‍ഗീസ് ആണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയില്‍ കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിവസേനെ വര്‍ധിക്കുകയാണ്. മലയാളികളടക്കം നിരവധിപ്പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ പലരും ആരോഗ്യ പ്രവര്‍ത്തകരാണെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങള്‍ ഏറ്റെടുത്ത് താല്‍കാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി സര്‍ക്കാര്‍. സ്റ്റേഡിയങ്ങള്‍ ഏറ്റെടുക്കാന്‍ വിദഗധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

അതിനിടെ ഡല്‍ഹിയിലെ കൊവിഡ് ചികിത്സയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. കിടക്കകളുടെ ലഭ്യതക്കുറവ്, സാമ്പിള്‍ പരിശോധനയുടെ കുറവ്, ഉയരുന്ന മരണ നിരക്ക്, മരിച്ചവരുടെ സംസ്‌കാരത്തില്‍ വരുന്ന കാലതാമസം തുടങ്ങിയ ആരോപണങ്ങളില്‍ ആണ് വിശദീകാരണം തേടിയിരിക്കുന്നത്.